ദുബായ്: പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ പ്രവാസി സംഘടനയായ പാലക്കാട് പ്രവാസി സെന്റർ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ടതായി ഭാരവാഹികൾ അറിയിച്ചു.
"ഹരിയ്ക്കാം ലഹരിയെ ഹരിതാഭമാക്കാം ജീവിതം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർഥികളെയും യുവജനങ്ങളെയും മയക്കു മരുന്നിനും ലഹരിക്കും എതിരായ പോരാട്ടത്തിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർഥികൾക്കുള്ള ഉപന്യാസ മത്സരങ്ങൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സന്നദ്ധ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, സെമിനാർ, മരത്തോൺ തുടങ്ങിയ പരിപാടികൾ പ്രചാരണത്തിന്റെ ഭാഗമായി വിവിധ തലങ്ങളിൽ നടക്കും.
സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തന സംരംഭമായ 'വിമുക്തി' യുമായി ഇടപെട്ടുള്ള പരിപാടികൾക്കും സെന്റർ രൂപം നൽകുന്നുണ്ടെന്ന് പ്രസിഡന്റ് കെ കെ പ്രദീപ് കുമാറും, സെക്രട്ടറി ശശികുമാർ ചിറ്റൂരും അറിയിച്ചു.
പ്രചാരണ പരിപാടിയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും സന്ദേശങ്ങൾ ലഭിച്ചതായും ഭാരവാഹികൾ പറഞ്ഞു.