അയർലണ്ടിൽ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ അമിതവേഗതയില്‍ കുടുങ്ങിയത് 3000 ഡ്രൈവര്‍മാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvgvyhvuy

ഡബ്ലിന്‍ : അയർലണ്ടിൽ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ അമിതവേഗതയ്ക്ക് പിടികൂടിയത് 3000 ഡ്രൈവര്‍മാരെ. മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍ വാഹനമോടിക്കേണ്ട റോഡില്‍ 228 കി.മീ വേഗതയില്‍ പറന്നു പോയ ‘എക്സ്പെര്‍ട്ട്’ ഡ്രൈവറാണ് ഇക്കൂട്ടത്തില്‍ ‘താര’മായത്.ലൂത്തിലെ ദ്രോഗേഡയിലെ എം1ല്‍ ബാല്‍ഗതെറനിലാണ് ഈ വിരുതനെ പിടികൂടിയത്.

Advertisment

മായോയിലെ കരോണലാസ്സനില്‍ എന്‍ 61ലെ 100 കി.മീ/മണിക്കൂര്‍ സോണില്‍ 153 കി.മീ വേഗതയില്‍ കാറോടിച്ച ഡ്രൈവറെയും അധികൃതര്‍ പിടികൂടി.ഗോള്‍വേയിലെ ഗ്ലന്റിവാഗ് ഒറന്‍മോറില്‍ ആര്‍339ല്‍ 80 കി.മീ/മണിക്കൂര്‍ സോണില്‍ 148 കി. വേഗതയില്‍ പാഞ്ഞയാളും വെക്‌സ്‌ഫോര്‍ഡിലെ ന്യൂ റോസിലെ നോക്കാവില്ലയിലെ ആര്‍700ല്‍ 60 കി.മീ/മണിക്കൂര്‍ പാതയില്‍ 143 കി.മീ വേഗതയില്‍ കാറോടിച്ച മറ്റൊരാളും അമിതവേഗതയില്‍ കുടുങ്ങി.

ഈ കാലയളവില്‍ റോഡപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. 11 വാഹനാപകടങ്ങളുണ്ടായി. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പുതിയ വര്‍ഷം തുടങ്ങി ഇതുവരെ 21 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടെന്നും കണക്കുകള്‍ പറയുന്നു.

ഫെബ്രുവരി ഒന്നിനും ആറിനും ഇടയിലാണ് 3,000 ഡ്രൈവര്‍മാരും അമിതവേഗതയില്‍ വാഹനമോടിച്ച് കുടുങ്ങിയത്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 110പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 61 പേരും പിടിയിലായി.ലൈസന്‍സുള്ള ഡ്രൈവറില്ലാതെ വാഹനമോടിച്ച 100ലേറെ ലേണര്‍ പെര്‍മിറ്റ് ഉടമകളും കുടുങ്ങി. ഇന്‍ഷുറന്‍സും ടാക്സും അടയ്ക്കാതെ ഓടിയ 420 വാഹനങ്ങളും പിടിച്ചെടുത്തു.

വേഗത കുറയ്ക്കാനും സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വേഗതയില്‍ ഡ്രൈവ് ചെയ്യാനും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.

bank holiday weekend