New Update
/sathyam/media/media_files/2025/08/23/1000260060-2025-08-23-15-23-47.jpg)
യു കെ : യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ൻ്റെ തയ്യാറെടുപ്പുകൾ വളരെ വേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന മത്സര വള്ളംകളിയിൽ 31 ടീമുകൾ പങ്കെടുക്കുമ്പോൾ ഇക്കുറി യുക്മ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടം ഏറെ കടുത്തതായിരിക്കുമെന്ന് നിസ്സംശയം പറയാം. ഇതാദ്യമായി 11 ടീമുകൾ മത്സരിക്കുവാൻ എത്തുന്നതോടെ വനിതാ വിഭാഗത്തിലും തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.
Advertisment
മത്സരത്തിൽ പങ്കെടുക്കുന്ന 31 ടീമുകളെ 8 ഹീറ്റ്സുകളായി തിരിച്ചിരിക്കുകയാണ്. ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുവാൻ ഇറങ്ങുന്നത്.
പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് മാൻവേഴ്സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിൽ ആഗസ്റ്റ് 9 ശനിയാഴ്ച ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ്. മുൻ പതിവ് പോലെ നറുക്കെടുപ്പിലൂടെയാണ് ഇത്തവണയും ഹീറ്റ്സിലെ ടീമുകളെ തീരുമാനിച്ചത്. ആദ്യ രണ്ട് ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന ടീമുകൾ, ക്യാപ്റ്റൻമാർ, ബോട്ട് ക്ളബ്ബ്, വള്ളം എന്നിവ താഴെ നൽകുന്നു.
ഹീറ്റ്സ് - 1.
A. കാവാലം - മോനിച്ചൻ കിഴക്കേച്ചിറ, കൊമ്പൻസ് ബോട്ട് ക്ളബ്ബ് ബോൾട്ടൻ.
2022 മുതൽ യുക്മ ട്രോഫി വള്ളംകളിയിൽ ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ടീമാണ് മോനിച്ചൻ കിഴക്കേച്ചിറ നയിക്കുന്ന കൊമ്പൻസ് ബോൾട്ടൻ. ഇക്കുറി യുക്മ ട്രോഫി വിജയികളാകണമെന്ന ആഗ്രഹത്തിൽ കഠിനമായ പരിശീലനത്തിന് ശേഷമാണ് ടീം കൊമ്പൻസ് മത്സരത്തിനെത്തുന്നത്. തുടർച്ചയായി ഫൈനലിൽ എത്തുന്ന ടീമെന്ന നിലയിൽ എതിരാളികളുടെ പേടി സ്വപ്നമായി മാറിക്കഴിഞ്ഞ ടീമുകളിൽ ഒന്നാണ് കൊമ്പൻസ് ബോൾട്ടൻ. ടിഫിൻ ബോക്സ് കവൻട്രിയാണ് കാവാലം വള്ളത്തിലെത്തുന്ന കൊമ്പൻസിൻ്റെ സ്പോൺസർ.
B. നെടുമുടി - ഡെൽവിൻ അഞ്ഞൂർ, സൌത്ത് എൻഡ് ഓൺ സീ ബോട്ട് ക്ളബ്ബ്.
ഡെൽവിൻ അഞ്ഞൂർ നയിക്കുന്ന ടീം സൌത്ത് എൻഡ് ഓൺ സീ യുക്മ ട്രോഫിയിൽ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം തെളിയിക്കുവാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് മത്സരിക്കുവാൻ എത്തുന്നത്. യുവാക്കൾക്ക് മുൻതുക്കമുള്ള ടീം ചിട്ടയായ പരിശീലനം നടത്തിയാണ് മത്സരത്തിനെത്തുന്നത്. നെടുമുടി വള്ളത്തിൽ മത്സരിക്കുവാൻ എത്തുന്ന ടീമിൻ്റെ സ്പോൺസർ മാഗ്‌നവിഷൻ ടിവിയാണ്.
C. അമ്പലപ്പുഴ - അരുൺ ചാക്കോ, കെ.സി.എ ബോട്ട് ക്ളബ്ബ് റെഡ്ഡിച്ച്.
അരുൺ ചാക്കോ ക്യാപ്റ്റനായുള്ള കെ സി എ ബോട്ട് ക്ളബ്ബ് റെഡ്ഡിച്ച് 2025 യുക്മ ട്രോഫിയിലെ കറുത്ത കുതിരകളാകുവാനുള്ള ശ്രമത്തിലാണ്. ചിട്ടയായ പരിശീലനത്തിലൂടെ മത്സരത്തിനൊരുങ്ങുന്ന ടീം കെ സി എ അമ്പലപ്പുഴ വള്ളത്തിലാണ് മത്സരിക്കുവാൻ എത്തുന്നത്. ജിയ ട്രാവത്സ് & ഹോളിഡെയ്സാണ് ടീമിൻ്റെ സ്പോൺസർ.
D. കായിപ്രം - സജീവ് സെബാസ്റ്റ്യൻ, നനീട്ടൺ ബോട്ട് ക്ളബ്ബ്.
സജീവ് സെബാസ്റ്റ്യൻ നയിക്കുന്ന നനീട്ടൺ ബോട്ട് ക്ളബ്ബ് കൃത്യവും ചിട്ടയുമാർന്ന പരിശീലനത്തിന് ശേഷമാണ് യുക്മ ട്രോഫി മത്സരത്തിന് എത്തുന്നത്. യുക്മ ട്രോഫി 2025 ൽ ഏറെ പ്രതീക്ഷകളുണർത്തുന്ന ടീമുകളിൽ ഒന്നാണ് ടീം നനീട്ടൺ. കായിപ്രം വള്ളത്തിൽ മത്സരിക്കുവാൻ എത്തുന്ന ടീം നനീട്ടൻ്റെ സ്പോൺസേഴ്സ് തെരേസാസ് ലണ്ടനാണ്.
ഹീറ്റ്സ് - 2.
A. കാരിച്ചാൽ - ബാബു അബ്രാഹം കളപ്പുരയ്ക്കൽ, 7 സ്റ്റാർസ് ബോട്ട് ക്ളബ്ബ് കവൻട്രി.
യുക്മ ട്രോഫി ആരംഭിച്ച 2017 മുതൽ മത്സരത്തിലെ ശക്തമായ സാന്നിദ്ധ്യമായ അപൂർവ്വം ടീമുകളിൽ ഒന്നാണ് ബാബു അബ്രാഹം കളപ്പുരയ്ക്കൽ നയിക്കുന്ന സെവൻ സ്റ്റാർസ് കവൻട്രി. ചിട്ടയായ പരിശീലനത്തിലൂടെ വിജയം മാത്രം ലക്ഷ്യമാക്കിയെത്തുന്ന സെവൻ സ്റ്റാർസ് തങ്ങളുടെ സ്ഥിരം വള്ളമായ കാരിച്ചാലിലാണ് ഇക്കുറിയും മത്സരിക്കുവാൻ എത്തുന്നത്. കവൻട്രിയിലെ കലവറ സൂപ്പർ മാർക്കറ്റാണ് ടീമിൻ്റെ സ്പോൺസർ.
B. നടുഭാഗം - ഷാരോൺ തോമസ് എം.എ, ബി കെ സി എ ബോട്ട് ക്ളബ്ബ് ബാൺസ് ലി.
ഷാരോൺ തോമസ് ക്യാപ്റ്റനായുള്ള BKCA ബോട്ട് ക്ളബ്ബ് കഴിഞ്ഞ വർഷം മത്സരിച്ച നടുഭാഗം വള്ളത്തിലാണ് ഇത്തവണയും മത്സരിക്കുവാൻ എത്തുന്നത്. കഠിനമായ പരിശീലനത്തിലൂടെ മത്സരത്തിനെത്തുന്ന ടീം BKCA യുക്മ ട്രോഫിയിൽ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുവാനുള്ള ഒരുക്കത്തിലാണ്. മഞ്ചാടി ഫുഡ് പ്രോഡക്ട്സാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
C. രാമങ്കരി - ബെക്സൻ കോശി, ബി എം സി എ ബോട്ട് ക്ളബ്ബ് ബാൺസ് ലി.
ബെക്സൻ കോശി നായകനായുള്ള BMCA ബോട്ട് ക്ളബ്ബ് ബാൺസ് ലി ചിട്ടയായ പരിശീലനത്തിലൂടെ ആർജ്ജിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് യുക്മ ട്രോഫി മത്സരത്തിനെത്തുന്നത്. രാമങ്കരി വള്ളത്തിലാണ് ടീം BMCA ഇക്കുറിയും മത്സരത്തിനെത്തുന്നത്. മോൺസിസ് കിച്ചനാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
D. ആലപ്പാട് - വിനീഷ് പി വിജയൻ, പൈറേറ്റ്സ് ബോട്ട് ക്ളബ്ബ്, ഗ്രിംസ്ബി
വിനീഷ് പി വിജയൻ ക്യാപ്റ്റനായെത്തുന്ന പൈറേറ്റ്സ് ബോട്ട് ക്ളബ്ബ് കഴിഞ്ഞ തവണ മത്സരിച്ച ആലപ്പാട് വള്ളത്തിലാണ് ഇത്തവണയും യുക്മ ട്രോഫിയിൽ മത്സരിക്കുവാൻ എത്തുന്നത്. ചിട്ടയാർന്ന പരിശീലനത്തിലൂടെ കൈവരിച്ച ആത്മവിശ്വാസമാണ് ടീമിൻ്റെ കരുത്ത്. ഡോക്ടർ മാത്യൂസ് സർജറിയാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ, വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വള്ളംകളിയുടെ തയ്യാറെടുപ്പുകൾ നടത്തി വരുന്നു.