യു.കെ: എയര്‍ ഇന്ത്യ കൊച്ചി-യു.കെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത ഇടിത്തീയായി യു.കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയില്‍ പടര്‍ന്ന ക്ഷണത്തില്‍ത്തന്നെ അടിയന്തര ഇടപെടലുകളുമായി ഓ.ഐ.സി.സി (യു.കെ).
അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകള്‍ക്ക് വിപരീത പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരില്‍ നിന്നുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ച് എയര്‍ ഇന്ത്യ എം.ഡി & സി.ഇ.ഒ. ക്യാമ്പെല്‍ വില്‍സന്‍, യു.കെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍ എന്നിവര്‍ക്ക് ഓ.ഐ.സി.സി(യു.കെ)യുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു.
/sathyam/media/media_files/2025/01/30/QKxNDVfhojVhacsZM3MY.jpg)
പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായ്ഡു ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ഓഫീസ് എന്നിവര്‍ക്കും ജനപ്രതിനിധികളുടെ പിന്തുണ തേടി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ് എം.പി എന്നിവര്‍ക്കും സംഘടന നിവേദനം നല്‍കി.
ഓ.ഐ.സി.സി(യു.കെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസാണ് ഓണ്‍ലൈന്‍ മുഖേന നിവേദനം കൈമാറിയത്. നേരത്തെ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ അടിക്കടിയുണ്ടാകുന്ന സര്‍വീസ് റദ്ധാക്കലുകളും തന്‍മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഗാട്വിക്കില്‍ ഇപ്പോള്‍ അവസാനിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസുകള്‍ ബിര്‍മിങ്ഹാം / മാഞ്ചസ്റ്റര്‍ വരെ നീട്ടണമെന്നുമുള്ള ആവശ്യങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് ഓ.ഐ.സി.സി(യു.കെ) യുടെ നേതൃത്വത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കൊച്ചി-യു.കെ. വ്യോമ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്ന പക്ഷം, സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിവേദനത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍/ പ്രായമായവര്‍ എന്നിവരുമായി യാത്രചെയ്യുന്നവര്‍, രോഗികളായ യാത്രക്കാര്‍, സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ നിരവധി യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം പുനഃപരിശോധയ്ക്ക് വിധേയമാക്കണമെന്നും അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ഓഗസ്റ്റ് 28ന് ആരംഭിച്ച കൊച്ചി-യു.കെ. എയര്‍ ഇന്ത്യ വിമാന സര്‍വീസിനെ പ്രതിവാരം ആയിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്നുവെന്നാണ് കണക്കുകള്‍. ഡല്‍ഹി, ബാംഗ്ലൂര്‍ മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും യു.കെയിലേക്ക് നടത്തുന്ന എയര്‍ ഇന്ത്യ പ്രതിവാര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും കൊച്ചിയോട് അധികൃതര്‍ ചിറ്റമ്മ നയം തുടരുകയായിരുന്നു.
/sathyam/media/media_files/2025/01/30/clXduiIcaYqNow792DA7.jpg)
ഇതിനിടയിലാണ് മാര്‍ച്ച് 29ന് ശേഷം കൊച്ചി-യു.കെ. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ വിവരം എയര്‍ ഇന്ത്യ പുറത്തിറക്കിയിട്ടില്ലെങ്കിലും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്' - ലെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടില്‍ ഈ വിവരം പ്രചരിക്കുന്നുണ്ട്.
ഇപ്പോഴുണ്ടായ വിഷയവുമായി ബന്ധപ്പെട്ടു അധികൃതരുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചു വരുകയാണെന്നും വരും ദിവസങ്ങളില്‍ ഓ.ഐ. സി.സി(യു.കെ)യുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.