ബർമിങ്ഹാം: പനി ബാധിച്ചു കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യു കെയിൽ അന്തരിച്ചു. ബർമിങ്ഹാമിലെ വൂൾവർഹാംപ്റ്റനിലെ താമസക്കാരായ ബിൽസെന്റ് ഫിലിപ്പ് - ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. പനി വിട്ടു മാറാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി കുട്ടിയെ ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിപ്പിച്ചെങ്കിലും ചികിത്സയിൽ തുടരവേ ഹന്ന വിടവാങ്ങുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മല്ലപ്പള്ളിയിലെ തുരുത്തിക്കാട് സ്വദേശിനിയായ ഹന്നയും ഇളയ സഹോദൻ ആൽബിനും എട്ട് മാസം മുൻപാണ് പിതാവ് ബിൽസെന്റിന് ഒപ്പം യു കെയിൽ എത്തുന്നത്. നഴ്‌സായ ഹന്നയുടെ അമ്മ ജെയ്മോൾ സ്വകാര്യ കെയർ ഹോമിൽ ജോലി ചെയ്തുവരികയായിരുന്നു.
യു കെയിൽ ബർമിങ്ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവമായി പങ്കെടുക്കുന്നവരാണ് ഹന്നയുടെ കുടുംബം. ഹന്നയുടെ അകാല വേർപാടിൽ കുടുംബത്തിന് താങ്ങായി യു കെയിൽ തന്നെയുള്ള ബന്ധുമിത്രാധികളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
ഹന്നയുടെ മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി യു കെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പ്, കുടുംബ സുഹൃത്തുക്കളായ സാം മാത്യു, ജിബു ചെറിയാൻ എന്നിവരുടെ പേരിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.