ലണ്ടൻ: നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.പണപ്പെരുപ്പം കുറയ്ക്കാനായതും റുവാണ്ടന്‍ പദ്ധതിയും സമ്പദ്വ്യവസ്ഥയെ മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയരത്തിലെത്തിച്ചതുമടക്കമുള്ള ചില സാമ്പത്തിക നേട്ടങ്ങളാണ് പുതിയ ടേമിന് വേണ്ടി വോട്ടര്‍മാരെ സമീപിക്കാന്‍ സുനകിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കണ്‍സര്‍വേറ്റീവുകളുടെ 14 വര്‍ഷമായുള്ള ഭരണം കൈവിട്ടുപോകുമെന്ന് കരുതുന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന നിരീക്ഷണങ്ങള്‍ വളരെ ശക്തമാണ്. അതിനിടെയാണ് ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന സുനകിന്റെ പ്രഖ്യാപനം വന്നത്.
ലേബറിന്റെ മുന്‍തൂക്കത്തെ മറികടക്കുമോ
അഭിപ്രായ വോട്ടെടുപ്പനുസരിച്ച് സുനക്കിന്റെ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 20 ശതമാനം മുന്നിലാണ് ലേബര്‍പാര്‍ട്ടി. എന്നാല്‍ അതില്‍ കാര്യമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. നിഷ്പക്ഷരായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നും ഇവര്‍ വാദിക്കുന്നു.ഈ അനിശ്ചിതത്വം മുതലെടുക്കാനാണ് സുനക് ലക്ഷ്യമിടുന്നത്.
ബ്രിട്ടന് ഭാവി തിരഞ്ഞെടുക്കാനുള്ള സമയമാണെന്ന് സുനക് പറഞ്ഞു. പാന്‍ഡെമിക്ക് കാലത്ത് ബിസിനസുകളെ സഹായിച്ച ഫര്‍ലോ സ്‌കീം ഉള്‍പ്പെടെ, സര്‍ക്കാരിന്റെ ഹൈലൈറ്റുകളെ അക്കമിട്ട് നിരത്തിയാണ് സുനക് ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചത്.
സാമ്പത്തിക നേട്ടങ്ങളും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ റുവാണ്ടന്‍ പദ്ധതിയും ജന പിന്തുണ കൂട്ടുമെന്നും സുനക് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ജൂണ്‍ 24നാണ് റുവാണ്ടന്‍ വിമാനങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുമായി പറക്കുക.ഇതും ഗുണം ചെയ്യുമെന്ന് ഇദ്ദേഹം കരുതുന്നു.
പാര്‍ട്ടിയിലെ പട
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പൊതുവില്‍ ഇലക്ഷന്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും എതിര്‍ക്കുന്നവരേറെയാണ്.’മരണം 2024,എന്നാണ് അജ്ഞാതനായ കണ്‍സര്‍വേറ്റീവ് എംപി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
ലേബറിനേക്കാള്‍ വളരെ പിന്നിലാകുമെന്ന് മാത്രമല്ല, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും സുനക് ഒറ്റപ്പെടുമെന്നു കൂടി ഒരു വിഭാഗം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണിത്.സുനകിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഹൈജാക് ചെയ്തിരിക്കുകയാണെന്ന ആക്ഷേപം വളരെ ശക്തമാണ്. ഇവരുടെ വൃത്തികെട്ട പ്രചാരണത്തിലകപ്പെട്ട സുനക് പാര്‍ട്ടിയില്‍ തീർത്തും ഒറ്റപ്പെട്ടെന്നും ഇവര്‍ പറയുന്നു.
മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും ധനകാര്യമന്ത്രിയുമായ സുനക് രണ്ട് വര്‍ഷം മുമ്പാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. ലക്ഷ്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഉണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമാകാതെ പോയെന്നും സുനകിനെ അനകൂലിക്കുന്നവര്‍ പോലും സമ്മതിക്കുന്നു.
തിരഞ്ഞെടുപ്പ് ഗോദയില്‍
ലേബറും സുനകിന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.ലേബര്‍ അധികാരത്തിലെത്തിയാല്‍ നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് സുനകിന്റെ ടീമിന്റെ ആരോപണം.
സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഗവണ്‍മെന്റിനെതിരെ ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നത്. ഇത് ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയെന്നും ലേബര്‍ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് ലേബര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു രാജ്യം പൊതു തിരഞ്ഞെടുപ്പിനായി വിലപിക്കുകയാണെന്ന് ലേബര്‍ വക്താവ് പറഞ്ഞു.റി ബില്‍ഡ് ബ്രിട്ടന്‍ എന്ന ക്യാമ്പെയിനുമായി സ്റ്റാര്‍മര്‍ കഴിഞ്ഞ ആഴ്ച ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ട രാജ്യമായ ബ്രിട്ടന്‍. എന്നിരുന്നാലും 1830കള്‍ക്ക് ശേഷം 8 വര്‍ഷത്തിനുള്ളില്‍ ആറ് പ്രധാനമന്ത്രിമാര്‍ എന്ന നിലയാകും തിരഞ്ഞെടുപ്പില്‍ ലേബര്‍ വിജയിച്ചാലുണ്ടാവുകയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.