/sathyam/media/media_files/PCA1L1PllU6lGr9pPWVC.jpg)
അക്രിങ്ങ്റ്റണ്‍: വ്യത്യസ്ത ആശയം കൊണ്ടു യുകെയിലെ മിന്നും താരമായിരിക്കുകയാണ് അക്രിങ്ങ്റ്റണിലെ മലയാളി ഉടമസ്ഥതയിലുള്ള 'എയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോം'. ഒരുകാലത്ത് യു കെയില്‍ തുണിമില്ലുകളുടേയും പഞ്ഞി വ്യവസായത്തിന്റെയും ഈറ്റില്ലം എന്ന പ്രശസ്തിയില്‍ വിരാചിച്ചിരുന്ന അക്രിങ്ങ്റ്റണ്‍, ഇന്ന് വാര്‍ത്തകളില്‍ ഇടം നേടിയത് ഇവിടുത്തെ 'എയ്ഞ്ചല്‍ മൗണ്ട്' എന്ന കെയര്‍ ഹോമില്‍ നടപ്പില്‍ വരുത്തിയ ഒരു നൂതന ആശയത്തിന്റെ ചുവടുപിടിച്ചാണ്.
ഒറ്റപ്പെടലിന്റെയും മറവിയുടെയും വെള്ള ചുമര്‍ കെട്ടുകളെ, പുഞ്ചിരിയുടെയും നിറമുള്ള ഓര്‍മകളുടെയും വര്‍ണ്ണക്കൂട്ടുകള്‍ കൊണ്ടു മനോഹരമാക്കിയപ്പോള്‍ യു കെയുടെ ആരോഗ്യമേഖലയില്‍ എഴുതി ചേര്‍ക്കപ്പെട്ടത് ഒരു പുതു ചരിത്രം കൂടിയാണ്.
'എയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോമി'ലെ ഓരോ താമസക്കാരുടെയും മുറികളുടെ ചുവരുകളും ഒന്നിച്ചു കൂടുന്ന ഇടങ്ങളുമാണ് അവരുടെ അഭിരുചികള്‍ കൂടി പരിഗണിച്ചുകൊണ്ട് മെനഞ്ഞ ചിത്രങ്ങളാല്‍ ഒരുക്കിയിരിക്കുന്നത്. മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്നു രൂപപ്പെടുത്തിയ ഈ പുത്തന്‍ ആശയം, യു കെയില്‍ ഇതിനോടകം തന്നെ വൈറല്‍ ആകുകയും വന്‍ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ചുമരില്‍ വരച്ചു ചേര്‍ക്കേണ്ട ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും മാനേജ്മെന്റ് തികച്ചും വ്യത്യസ്ത പുലര്‍ത്തിയിട്ടുണ്ട്. ഹോമിലെ താമസക്കാരുടെ ജീവിതവുമായി ബന്ധിപ്പിക്കാവുന്ന ഏടുകള്‍ കോര്‍ത്തിണക്കിയും, ആശയങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തും രൂപപ്പെടുത്തിയ മോഡലുകളാണ് പിന്നീട് മനോഹരങ്ങളായ ചുമര്‍ ചിത്രങ്ങളായി രൂപം കൊള്ളുന്നത്. യു കെയിലെ തന്നെ ഈ മേഖലയിലെ വിദഗ്ധര്‍ മാസങ്ങള്‍ നീണ്ടു നിന്ന പ്രയത്നം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഹോമിലെ താമസക്കാരുടെ മങ്ങിയ ഓര്‍മ്മകിളില്‍ വര്‍ണ്ണങ്ങളുടെ പെരുമഴ പെയ്യിച്ച കെയര്‍ ഹോം മാനേജ്മെന്റിനോടും ജീവനക്കാരോടും വാക്കുകളില്‍ ഒതുങ്ങാത്ത നന്ദിയുമായി റെസിഡന്റ്സിന്റെ കുടുംബങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്.
മലയാളി സംരംഭകയും യു കെയിലെ പൊതുരംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേയും നിറസാന്നിധ്യവുമായ ഷൈനു മാത്യൂസ് ചാമക്കാലയുടേയും 'പ്രാണ ഹോസ്പിറ്റല്‍' ഉടമയും കേരളത്തിലെ പ്രശസ്ത ഗൈനകോളജിസ്ററുമായ ഷൈനി ക്ളെയര്‍ മാത്യൂസിന്റെയും ഉടമസ്തയിലുള്ള കെയര്‍ ഹോം ശൃംഖലയിലെ ഒന്നാണ് 39 റെസിഡന്റ്സിന് ആതുര സേവനം നല്‍കുന്ന 'എയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോം'. സഹോദരിമാരായ ഉടമകളുടെ സ്വപ്ന സാഫല്യത്തിന്റെ പൂര്‍ത്തീകരണമായി 2022 ~ ല്‍ സ്ഥാപിതമായ 'എയ്ഞ്ചല്‍ മൗണ്ട്' ഇന്ന് ഇംഗ്ളണ്ടിലെ പ്രശസ്തമായ കെയര്‍ ഹോമുകളില്‍ ഒന്നായി നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും സാന്ദ്രതയുള്ളതും ബലവത്തായതുമായ കെട്ടിട നിര്‍മാണ ഇഷ്ട്ടികകള്‍ നിര്‍മിക്കുന്ന ഇടമെന്ന പ്രതാപം അലങ്കരിക്കുന്ന അക്രിങ്ങ്റ്റണിലെ ഒരു സ്ഥാപനത്തിന്റെ കെട്ടിട ചുമരുകള്‍, ഇത്തരത്തിലുള്ള പ്രശസ്തിയിലേക്ക് ഉയര്‍ന്നത് യാദൃച്ഛികവുമല്ല.
ഇതാദ്യമായല്ല 'എയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോം' വാര്‍ത്തകളില്‍ ഇടം നേടുന്നത്. പോയവര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി കെയര്‍ ഹോമില്‍ സംഘടിപ്പിച്ച 'മെഗാ വടംവലി മത്സര'വും, കെയര്‍ ഹോമിന്റെ ചുറ്റുവട്ടത്തു താമസിക്കുന്ന തദ്ദേശ്ളീയരെയും ജീവനക്കാരുടെ കുടുംബാങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും അന്ന് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പപ്പടവും, നാലുകൂട്ടം പായസവും കറികളും ചേര്‍ന്നു തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുടെ സ്വാദ് നുണയാന്‍ എത്തിയ തദ്ദേശ്ളീയരുടെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്ത വലിയ പ്രധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചുവര്‍ ചിത്രങ്ങള്‍ കൊണ്ടു വിസ്മയം ഒരുക്കുന്നതില്‍ 'എയ്ഞ്ചല്‍ മൗണ്ടി'നോടൊപ്പം തന്നെ ശ്രദ്ധ നേടാന്‍ സഹോദര സ്ഥാപനമായ 'ടിഫിന്‍ ബോക്സ്' റെസ്റററന്റിനും (കവന്‍ട്രി) സാധിച്ചിട്ടുണ്ട്. നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും കഥകളിയും ആഘോഷങ്ങളും ഒക്കെ ചേര്‍ന്ന നയന മനോഹര കാഴ്ചകളാണ് അവിടുത്തെ ചുവരുകളിലെ മുഖ്യ ആകര്‍ഷണം. സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് മമ്മൂക്കയും ലാലേട്ടനും പകര്‍ന്നാടിയ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ജീവന്‍ തുളുമ്പുന്ന സ്കെച്ചുകള്‍ ഒരു റീല്‍ കണക്കെ നമ്മുടെ ഓര്‍മകളില്‍ മിന്നി മറയും. പ്രധാന ഇടങ്ങളിലും കോണ്‍ഫറന്‍സ് ഹാളുകളിലുമടക്കം ഒരുക്കിയിരിക്കുന്ന ഭീമന്‍ ചുവര്‍ ചിത്രങ്ങളുടെ ഓരം പറ്റി ഇരുന്നുകൊണ്ടു ഭക്ഷണം ആസ്വദിക്കുന്നതിന്റെ അനുഭൂതി ഒരിക്കലെങ്കിലും നേരിട്ട് അനുഭവിക്കേണ്ടതാണ് എന്നാണ് ഇവിടം സന്ദര്‍ശിച്ചവരുടെ നേര്‍ സാക്ഷ്യം. 400 ~ ല്‍ പരം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള 'ടിഫിന്‍ ബോക്സില്‍', അത്യാധുനിക സംവിദാനങ്ങളോടെയുള്ള ഒന്നില്‍ കൂടുതല്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, പാര്‍ട്ടികള്‍ നടത്തുന്നതിനു വേണ്ടിയുള്ള സജീകരണങ്ങള്‍, 'ടെറസ് ബാര്‍' ഉള്‍പ്പടെ ഒന്നില്‍ കൂടുതല്‍ ബാറുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.