ലണ്ടന്‍: യുകെയിലെ ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ യുഎസിലേക്കു നാടു കടത്തില്ല. നാടുകടത്തുന്നതിനെതിരെ അസാന്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ബ്രിട്ടീഷ് കോടതി തീരുമാനിച്ചതോടെയാണ് സാവകാശം ലഭിച്ചത്.
നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സര്‍ക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാന്‍ജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടന്‍ ഹൈക്കോടതി അറിയിച്ചു. യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാന്‍ജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം.
തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നുമാണ് അസാന്‍ജിന്റെ വാദം. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സര്‍ക്കാര്‍ അസാന്‍ജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം നല്‍കണമെന്ന് നിര്‍ദേശിച്ചത്.