ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ പരിധിയിൽ ഇനി നികുതി തുക കൈപൊള്ളിക്കും.
ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ നികുതി 10% ശതമാനം വര്‍ധിപ്പിക്കാനാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ തീരുമാനം. നികുതി വർധനവിനുള്ള അനുമതി ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കി. ലെവലിംഗ് - അപ്പ് സെക്രട്ടറി മൈക്കല്‍ ഗോവ് സര്‍ക്കാരിന്റെ തീരുമാനം കൗൺസിലിനെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗണ്‍സില്‍ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. സാധാരണയായി 4.99% - തിന് മേൽ നികുതി വർധനവിന് റഫറണ്ടത്തിലൂടെ അനുവാദം നൽകുകയാണ് പതിവ്. എന്നാൽ നികുതി വര്‍ദ്ധനയ്ക്കുള്ള കൗണ്‍സില്‍ നേതൃത്വത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന സര്‍ക്കാര്‍ തടഞ്ഞില്ല. പാപ്പരത്തത്തിൽ നിന്നും ഒരു തിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗണ്‍സിലിന് ലോക്കല്‍ റഫറണ്ടം നടത്താതെ തന്നെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത് എന്നാണ് റിപ്പോർട്ട്. കമ്മി ബഡ്ജറ്റിന്റെ വിടവ് നികത്താനാണ് ലോക്കല്‍ കൗണ്‍സില്‍ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
/sathyam/media/media_files/pQ3g35jS51OpVm65AMAl.jpg)
നികുതി വര്‍ദ്ധനവ് എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകള്‍ മാര്‍ച്ച് അഞ്ചിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കൗൺസിൽ അധികൃതർ അറിയിച്ചു. ജീവനക്കാര്‍ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകള്‍ പരിഹരിക്കുന്നതിനും, ഐടി അപ്ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ബര്‍മിംഗ്ഹാം കൗണ്‍സില്‍ വലിയ ബില്ലുകള്‍ നേരിടുകയാണ്.
കൂനിന്മേൽ കുരു എന്നപോലെ ഈ ഒരു വർദ്ധനവ് കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്ന ആശങ്കകൾ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ലേബര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന കൗണ്‍സിലിന്റെ കെടുകാര്യസ്ഥതയാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന പൊതുധാരണയും നിലനിൽക്കുന്നു.
ബിര്‍മിങ്ഹാം സിറ്റിയിലെ നികുതിദായകര്‍ക്ക് കൗണ്‍സിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കൗണ്‍സിലിന്റെ തീരുമാനം സര്‍ക്കാര്‍ എതിര്‍ക്കുകയില്ലെന്നാണ് നികുതി വർധനവ് സർക്കാർ അനുവദിച്ചതിന്റെ കാരണമായി ലെവലിംഗ് - അപ്പ് സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കിയത്.