/sathyam/media/media_files/2025/12/30/d-2025-12-30-05-07-32.jpg)
യുണൈറ്റഡ് കിംഗ്ഡം: ലണ്ടനില്‍ മലയാളി നഴ്സുമാര്‍ക്ക് നേരെ ബസിനുള്ളില്‍ ക്രൂരമായ ആക്രമണം. കത്തി വീശിയെത്തിയ യുവതി മൂന്ന് നഴ്സുമാരെ മര്‍ദിക്കുകയും "ഇന്ത്യക്കാര്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ വംശീയാക്രമണ സാധ്യത അന്വേഷിച്ച് പോലീസ്. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട സ്വദേശിനികളായ 2 പേര്‍ക്കും 1 കൊല്ലം സ്വദേശിനിക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂവരും യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യുകയാണ്.
ഞായറാഴ്ച രാവിലെ 7:30 ഓടെ (ബ്രിട്ടീഷ് സമയം) ക്രോയിഡണില്‍ നിന്ന് ജോലിസ്ഥലത്തേക്ക് ബസില്‍ യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം. ബസില്‍ കയറിയ പ്രാദേശിക യുവതി കത്തി വീശി ഇന്ത്യന്‍ യാത്രക്കാരായ ഇവരെ ലക്ഷ്യം വെക്കുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച കൊല്ലം സ്വദേശിനിയുടെ വയറ്റില്‍ ചവിട്ടി. പിന്നീട് അക്രമി ബാക്കി 2 പേര്‍ക്കെതിരെ നേരെ തിരിയുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് നഴ്സസുകളില്‍ ഒരാള്‍ കേരളത്തിലുള്ള ഭര്‍ത്താവുമായും മക്കളുമായും വീഡിയോ കോളിലായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട് കുടുംബം വലിയ മാനസിക പ്രയാസത്തിലായതായി റിപ്പോര്‍ട്ടുണ്ട്.ഇവരുടെ സീറ്റിനടുത്തായിരുന്നു ആദ്യത്തെ ആക്രമണം നടന്നതെന്നും, ഇടപെടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്ക് മര്‍ദനമേറ്റതെന്നും പറയപ്പെടുന്നു.
അക്രമി "ഇന്ത്യക്കാര്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ഇരകള്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസ് എത്തി പരിക്കേറ്റ മൂന്ന് നഴ്സുമാരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു, വംശീയാക്രമണ സാധ്യതയും പരിശോധിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us