തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി സി എ ജോസഫും സംഘവും…. ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരും

New Update
1000263060
യുകെ : ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ്‌ കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫിൻ്റെ  നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിംഗ് കമന്ററി ടീം നിർവ്വഹിച്ചത്.
Advertisment
മത്സരങ്ങളില്‍  ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വൻ വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുൻ വർഷങ്ങളിൽ റണ്ണിംഗ് കമന്ററി ടീം നിർവഹിച്ചത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ മത്സരവള്ളംകളി മടങ്ങിയെത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് ബ്രിട്ടണിലെ മലയാളികൾ സ്വീകരിച്ചത്. ഏഴാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവർക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷൻ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും  ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന്  റണ്ണിംഗ് കമന്ററി ടീം തയ്യാറെടുത്തു കഴിഞ്ഞു.
വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തിൽ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷങ്ങളിൽ അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ  യു.കെ മലയാളികളുടെ പ്രിയങ്കരനായ സി എ ജോസഫിനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ജോർജ്ജ്കുട്ടി പുന്നമട (അയർലൻ്റ്), തോമസ് പോൾ (സ്റ്റോക്ക് ഓൺ ട്രന്റ്), ജോൺസൺ കളപ്പുരയ്ക്കൽ (പ്രെസ്റ്റൺ), ജിനോ സെബാസ്റ്റ്യൻ (നനീട്ടൺ) എന്നിവരൊത്തു ചേരുമ്പോൾ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.
ജലരാജാക്കന്മാർ റോഥർഹാം മാൻവേഴ്സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീർത്ത് പായുന്നത് സി.എ ജോസഫ് എന്ന മുൻ അധ്യാപകൻ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടൻ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലർത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. അയർക്കുന്നം സ്വദേശിയായ ബേസിംഗ്സ്റ്റോക്കിൽ താമസിക്കുന്ന സി.എ. ജോസഫ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റും ലോക കേരള സഭാംഗവുമാണ്.
റണ്ണിംഗ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. കഴിഞ്ഞ 25 വർഷമായി അയർലൻ്റിൽ പ്രവാസ ജീവിതം നയിക്കുന്ന ജോർജ്ജ്കുട്ടി പുന്നമട യുക്മ വള്ളംകളി കമൻ്റ്റി ടീമിലെ ഒരു പുതുമുഖമാണ്. വള്ളംകളി, വടംവലി കമൻ്റ്റികളിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായാണ് ജോർജ്ജുകുട്ടി യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്. നാട്ടിലും വിദേശത്തുമായി നിരവധി വള്ളംകളി, വടംവലി മത്സരങ്ങളിൽ കമൻ്റ്റി പറഞ്ഞിട്ടുള്ള ജോർജ്ജ്കുട്ടി അയർലൻ്റിലെ പുന്നമട ബോട്ട് ക്ളബ്ബിൻ്റെ ക്യാപ്റ്റൻ കൂടിയാണ്. 
ചെറുപ്പം മുതല്‍ പ്രസംഗ – അനൗണ്‍സ്മെന്റ് വേദികളിലും സാമൂഹിക സാംസ്കാരിക സദസ്സുകളിലും തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയരുമായ തോമസ് പോളും, ജോൺസൺ കളപ്പുരയ്ക്കലും, ജിനോ സെബാസ്റ്റ്യനും ചേർന്ന് വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.
കടുത്തുരുത്തി സ്വദേശി സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിന്നുള്ള തോമസ് പോൾ യുകെയിലെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്. കമൻ്റ്റി, അനൌൺസ്മെൻ്റ് രംഗങ്ങളിലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായാണ് തോമസ് പോൾ യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്.
കുട്ടനാടിൻ്റെ വള്ളംകളി പാരമ്പര്യം രക്തത്തിലലിഞ്ഞ് ചേർന്ന ജോൺസൺ ജി കളപ്പുരക്കൽ പ്രിസ്റ്റണടുത്ത് ചോർലിയിൽ താമസിക്കുന്നു. നാട്ടിലെ പൊതുപ്രവർത്തന പരിചയം യുകെയിലും പിന്തുടരുന്ന ജോൺസൺ യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്.
പാലായ്ക്കു സമീപം പ്രവിത്താനം സ്വദേശിയായ നനീട്ടനിൽ നിന്നുള്ള ജിനോ സെബാസ്റ്റ്യൻ യുകെയിൽ എത്തും മുമ്പ് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ മേധാവിയുടെ ചുമതല വഹിച്ചിരുന്നു. യുക്മയുടെ നാഷണൽ - മിഡ്ലാൻഡ്സ് റീജിയണൽ പ്രോഗ്രാമുകളിൽ ഇതിനകം ശ്രദ്ധേയമായ വിധത്തിൽ അനൗൺസ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ച ജിനോ കേരളപ്പൂരം വള്ളംകളിയിലെ മികവുറ്റ കമന്ററി ടീമിനൊപ്പം ചേരുമ്പോൾ കാണികൾക്കു ആവേശം ഒട്ടും ചോരാതെ മത്സരവീര്യം പകർന്നു നല്കുമെന്നതിൽ സംശയമില്ല.
യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ന്റെ പ്രധാന സ്പോൺസേഴ്സ്  ഫസ്റ്റ് കോൾ, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, പോൾ ജോൺ സോളിസിറ്റേഴ്സ്, തെരേസാസ് ലണ്ടൻ, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ഏലൂർ കൺസൽട്ടൻസി ലിമിറ്റഡ്, ഗ്‌ളോബൽ സ്റ്റഡി ലിങ്ക്, ലവ് ടു കെയർ, ജിയ ട്രാവത്സ് & ഹോളിഡെയ്സ്, കേരള ഡിലൈറ്റ്സ്, മോൻസി'സ് കിച്ചൺഎന്നിവരാണ്.
യുക്മ ദേശീയ സമിതി ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ജയകുമാർ നായർ, ഷിജോ വർഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ.ബിജു പെരിങ്ങത്തറ, ഡിക്സ് ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കുവാൻ  മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 30 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
Advertisment