യുക്മ വെയിൽസ്‌ റീജിയണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ; മലയാളി വെൽഫെയർ അസോസിയേഷൻ ബാരി റണ്ണർ അപ്പ്

New Update
1000170819
കാർഡിഫ്: യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച യുക്മ വെയിൽസ്‌ റീജിയണൽ കായിക മേള ജൂൺ 15ന് കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. പത്തു വർഷങ്ങൾക്ക് ശേഷം നടത്തിയ വെയിൽസ് റീജിയണൽ കായികമേള  വളരെ ഭംഗിയായി നടത്തപ്പെട്ടു. വളരെ വീറും വാശിയോടും കൂടി നടത്തപ്പെട്ട കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ 174  പോയിന്റോടെ ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. മലയാളി വെൽഫെയർ അസോയ്‌സിയേഷൻ ബാരി 98 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ 96 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നാലെ ന്യൂപോർട് കേരള കമ്മ്യൂണിറ്റി 22 പോയിന്റും നേടി
Advertisment
രാവിലെ 10.30  മണിക്ക് എല്ലാ കായികതാരങ്ങളും കൂടിയുള്ള മാർച്ചു ഫാസ്റ്റിന് ശേഷം കൂടിയ യോഗത്തിൽ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും യുക്മ  ദേശിയ  കായികമേള ജനറൽ കൺവീനറുമായ   പീറ്റർ താണോലിൽ വെയിൽസ്‌ റീജിയണൽ  കായികമേള ഉത്‌ഘാടനം ചെയ്‌തു. യുക്മ വെയിൽസ്‌ റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷനായിരുന്നു.  യുക്മ  ദേശീയ കമ്മിറ്റി അംഗം  ബെന്നി അഗസ്റ്റിൻ കായികമേളക്ക് ആശംസകളറിയിച്ചും  പത്തുവർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന റീജിയണൽ കായികമേളയിൽ വന്ന എല്ലാ അംഗങ്ങളോടും ഭാവിയിലും  സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. യുക്മ സാംസ്കാരികവേദി കൺവീനർ ബിനോ ആന്റണി യോഗത്തിൽ സന്നിഹിതനായിരുന്നു.  ഗീവർഗീസ് മാത്യു യോഗത്തിൽ സ്വാഗതം  അർപ്പിച്ചു.  കായികമേളക്ക് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടിയും, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്,  വെയിൽസ്‌ റീജിയണൽ  അംഗങ്ങളായ മാമൻ കടവിൽ, ബെർലി തുടങ്ങിയവർ   നേതൃത്വം നൽകി. 
കായികമേളയിൽ വ്യക്തിഗത ചാംപ്യൻഷിപ്   കിഡ്സ് ആൺകുട്ടികൾ   വിഭാഗത്തിൽ ഐഡൻ പോളിയും (ബ്രിഡ്ജ്ണ്ട്)  അഹൻ പ്രിൻസും (ബാരി) നേടിയപ്പോൾ, കിഡ്സ്   പെൺകുട്ടികൾ വിഭാഗത്തിൽ ആഞ്‌ജലീന റോസ് ലാലിനും  (ബ്രിഡ്ജ്ണ്ട്), സബ് ജൂനിയർ (ആൺകുട്ടികൾ)വിഭാഗത്തിൽ അഹ്സൻ സാജു (കാർഡിഫ്),   
സബ് ജൂനിയർ (പെൺകുട്ടികൾ) വിഭാഗത്തിൽ ഐറീൻ ബൈജു (ബ്രിഡ്ജ്ണ്ട്), ജൂനിയർ (ആൺകുട്ടികൾ) വിഭാഗത്തിൽ ജോഷ് ജോബി (കാർഡിഫ്), ജൂനിയർ (പെൺകുട്ടികൾ) വിഭാഗത്തിൽ ഫിയ പോൾ (കാർഡിഫ്), സീനിയർ പുരുഷവിഭാഗത്തിൽ ഡിലൻ ജോസഫ് (ന്യൂപോർട്), സീനിയർ സ്ത്രീ വിഭാഗത്തിൽ  ഇവാന പോൾ (കാർഡിഫ്), അഡൽട്സ് (പുരുഷ) വിഭാഗത്തിൽ ജോബ് ജോൺ (കാർഡിഫ്), അഡൽസ് (സ്ത്രീ) വിഭാഗത്തിൽ റിയ (ബ്രിഡ്ജ്ണ്ട്), സീനിയർ അഡൽസ് (പുരുഷ) വിഭാഗത്തിൽ ഗീവര്ഗീസ് മാത്യു (ബാരി), സൂപ്പർ സീനിയർ (പുരുഷ) വിഭാഗത്തിൽ ബിജു പോൾ (കാർഡിഫ്) എന്നിവർ കരസ്ഥമാക്കി. 
വെയിൽസ് റീജിയണൽ കായിക മേള വൻവിജയമാക്കുവാൻ സഹകരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് രതീഷ് രവി, ബാരി  മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്  ടോംബിൾ കണ്ണത്, ന്യൂപോർട് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെർത്യർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലൻ പോൾ എന്നിവർക്കും കായികമേള ഉത്‌ഘാടനം ചെയ്ത  പീറ്റർ താണോലിലിനും ബാക്കി എല്ലാ സൗകര്യങ്ങളും ചെയ്ത കമ്മിറ്റി അംഗങ്ങൾക്കും കായികമേളയിൽ പങ്കെടുത്ത കായികതാരങ്ങൾക്കും യുക്മ വെയിൽസ് റീജിയണൽ വൈസ് പ്രസിഡന്റ്  പോളി പുതുശ്ശേരി നന്ദി അർപ്പിച്ചു. 
റീജിയണൽ കായികമേളയുടെ പ്രധാന  സ്പോൺസർ കൈരളി സ്‌പൈസസ് & ലിറ്റിൽ കൊച്ചി ആയിരുന്നു. കൂടാതെ കായികമേള  സ്പോൺസർ  ചെയ്തിരുന്നത്  ജിയ ട്രാവെൽസ്, സൽക്കാര റെസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്,  മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ്, എന്നിവരാണ്.
 ഇന്ത്യൻ ദേശീയ ഗാനത്തിന് ശേഷം  കായികമേളയിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങളോടും ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ ആഹ്വനം  ചെയ്തുകൊണ്ട് പ്രസിഡന്റ് ജോഷി തോമസ്  ഈ വർഷത്തെ വെയിൽസ്‌ റീജിയണൽ കായികമേള സമാപിച്ചതായി പ്രഖ്യാപിച്ചു. 
നീണ്ട ഇടവേളക്ക് ശേഷം വെയിൽസ് റീജിയണിൽ സംഘടിപ്പിച്ച കായിക മേള വൻപിച്ച വിജയമാക്കിത്തീർത്തതിന് ഏവർക്കും റീജിയണൽ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, പ്രസിഡൻ്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ് എന്നിവർ നന്ദി പ്രകാശിപ്പിച്ചു. 
Advertisment