യു കെ : ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാവും. ഈ നിയമനിർമ്മാണത്തിലൂടെ ഒരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ നിർമ്മിക്കുന്ന ആർക്കും ക്രിമിനൽ റെക്കോർഡും പരിധിയില്ലാത്ത പിഴയും ലഭിക്കും
ചിത്രം നിർമ്മിച്ചയാൾ അത് പങ്കിടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ക്രിമിനൽ കുറ്റമാകും. ചിത്രം കൂടുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണെങ്കിൽ ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടിവരും
2015 മുതല്‍ തന്നെ ബ്രിട്ടണിൽ മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ക്രിമനൽ കുറ്റമാണ്. റിവഞ്ച് പോണ്‍ എന്ന് വിളിക്കുന്ന ഇത്തരം കുറ്റകൃത്യത്തിൽ ഡീപ് ഫേക്ക് ഉൾപ്പെട്ടിരുന്നില്ല.
2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനിന്റെ റിപ്പോർട്ട് പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ നഗ്നത കൃത്രിമമായി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.