ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയാക്കി ബ്രിട്ടിഷ് മന്ത്രിസഭയില്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ അഴിച്ചുപണി. തീവ്ര വലതുപക്ഷവാദിയും ഇന്ത്യന്‍ വംശജയുമായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കിക്കൊണ്ടു നടത്തിയ പുനഃസംഘടനയിലാണു സജീവ രാഷ്ട്രീയത്തിലേക്ക് കാമറൂണിന്‍റെ തിരിച്ചുവരവ്.
43കാരി സുവെല്ലയ്ക്കു പകരമായി വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ളെവര്‍ലിക്ക് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നല്‍കി. തുടര്‍ന്നാണ് കാമറൂണിനെ സുപ്രധാന ചുമതലയില്‍ നിയോഗിച്ചത്. ഒരിക്കല്‍ കാമറൂണിന്‍റെ മന്ത്രിസഭയില്‍ ജൂനിയര്‍ മന്ത്രിയായിരുന്നു, ഇന്നത്തെ പ്രധാനമന്ത്രി സുനക്. കാമറൂണ്‍ നിലവില്‍ എംപിയല്ല. പാര്‍ലമെന്‍ററി പ്രോട്ടൊകോള്‍ പാലിക്കാന്‍ അദ്ദേഹത്തെ പ്രഭു സഭയില്‍ അംഗമാക്കും.
പലസ്തീന്‍ അനുകൂല പ്രകടനങ്ങളോടു പൊലീസ് സ്വീകരിക്കുന്ന മൃദു നയത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് സുവെല്ലയ്ക്ക് സ്ഥാനനഷ്ടം. ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കാനായത് തനിക്കു കിട്ടിയ അംഗീകാരമാണെന്നും പലതും പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു.
യുകെയില്‍ 5 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കെയാണു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്ന് ക്ളെവര്‍ലിയെ നീക്കിയത്. ഇനി കാമറൂണും ജയശങ്കറും തമ്മിലാകുമോ കൂടിക്കാഴ്ച എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞദിവസം ഋഷി സുനക്കിനെ ജയശങ്കര്‍ കണ്ടിരുന്നു.
അഴിച്ചുപണിക്കിടെ, 4 ജൂനിയര്‍ മന്ത്രിമാരും രാജിവച്ചു. സ്കൂള്‍ മന്ത്രി നിക് ഗിബ്, ആരോഗ്യ മന്ത്രി നീല്‍ ഒബ്രിയന്‍, സാമൂഹികക്ഷേമ മന്ത്രി വില്‍ ക്വിന്‍സ്, ട്രാന്‍സ്പോര്‍ട്ട് മന്ത്രി ജെസി നോര്‍മന്‍ എന്നിവരാണു രാജിനല്‍കിയത്.