ഇപ്‌സ്‌വിച്ച്: ജൂൺ 30 മുതൽ കാണാതായ ഇപ്‌സ്‌വിച്ചിൽ നിന്നുള്ള മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ (56) മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഡോ. രാമസ്വാമി ജയറാമിനെ ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5:45 - ന് വീട്ടിൽ നിന്ന് പോകവെയാണ് അവസാനമായി കണ്ടത്. കാതറിൻ ആണ് തൃശൂർ സ്വദേശിയായ ഡോ. രാമസ്വാമിയുടെ ഭാര്യ.
ഡോ. രാമസ്വാമിയുടെ തിരോധാനം അറിഞ്ഞയുടൻ സഫോൾക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീം, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും ഈ ദിവസങ്ങളിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമങ്ങളിലായിരുന്നു.
ഇപ്‌സ്‌വിച്ച് ഗെയിൻസ്‌ബറോയിലെ വനപ്രദേശത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്ന് (ജൂൺ - 3, ബുധനാഴ്ച) രാവിലെ 9:25 - ന് പോലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സഫോക്ക് പോലീസ് പ്രസ്ഥാവനയിൽ അറിയിച്ചു.
മരണത്തിൽ ദുരൂഹതയില്ലെന്നും വിശദീകരിക്കാനാകാത്ത സാഹചര്യമുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡോ. രാമസ്വാമി ജയറാമിനെ വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് യു കെയിലെ മലയാളി സമൂഹം. ജോലിയിലും സമൂഹത്തിലും മാന്യതയോടെ മാത്രം ഇടപെടുന്ന ഡോ. രാമസ്വാമിയുടെ അപ്രതീക്ഷിതമായി വേർപാടിൽ ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബാംഗങ്ങളെ എങ്ങനെ അശ്വസിപ്പിക്കും എന്ന വ്യഥയിലാണ് ഇപ്‌സ്‌വിച്ചിലെ മലയാളി സമൂഹം.