ഈസ്റ്റ് സസ്സെക്സ്: കഴിഞ്ഞ ദിവസം ഉക്ക്ഫീൽഡ് ഹണ്ടേഴ്‌സ് വേയിൽ നടന്ന മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇവിടുത്തെ മലയാളികൾ. തന്റെ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി എന്ന ആരോപണത്തിൽ ഒരു മലയാളി യുവതിയെ ഇവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒൻപതും പതിമൂന്നും വയസ്സുകാരായ സ്വന്തം പെണ്മക്കൾക്ക് വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തേതുടർന്ന് ഉക്ക്ഫീൽഡ് ഹണ്ടേഴ്‌സ് വേയിലുള്ള ജിലുമോൾ ജോർജിനെ (38) ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ജീവനെ അപകടപ്പെടുത്തുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ വിഷം നൽകുക എന്നിങ്ങനെ രണ്ടു കേസുകളാണ് ജിലുമോളുടെ മേൽ ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 6.30 - ഓടെ ഉക്ക്ഫീൽഡിലെ ഹണ്ടേഴ്‌സ് വേയിലുള്ള ഒരു വീട്ടിൽ നിന്നും അടിയന്തര സേവന സർവിസിലേക്ക് വന്ന ഫോൺ കോൾ ആണ് അത്യാഹിതം പുറം ലോകമറിയാൻ ഇടയായത്. തുടർന്ന്, അവശനിലയിലായിരുന്ന ജിലുമോളെയും രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
/sathyam/media/media_files/D6mz0nisipMWVmUk6TjH.jpg)
തുടർന്ന് പോലീസ് നടത്തിയ അന്വേഷണതെതുടർന്ന് ജിലുമോളെ പോലീസ് അറസ്റ്റ് ചെയ്യുകയാസ്സായിരുന്നു.
ശനിയാഴ്ച ബ്രൈടൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ മാർച്ച് 8 ന് ക്രൗൺ കോടതിയിൽ ഹാജരാക്കുന്നതിനായി കസ്റ്റഡിയിൽ വിട്ടു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങൾ മറ്റാരെയും അന്വേഷിക്കുന്നില്ലെന്നുമാണ് കേസ് അന്വേഷിക്കുന്ന ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസ് പ്രതികരിച്ചത്.
"ഇത് അതിവേഗം നീങ്ങുന്ന അന്വേഷണമാണ്, അടുത്ത കുറച്ച് ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് സാന്നിധ്യം വർദ്ധിക്കും, എന്നിരുന്നാലും, പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയില്ലെന്നുള്ള കാര്യത്തിൽ ഞാൻ സംതൃപ്തനാണ്" ഇവാൻസ് കൂട്ടിച്ചേർത്തു.