/sathyam/media/media_files/FHZDvBs0vgGXqK22FD4u.jpg)
ലണ്ടൻ: എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ആരോഗ്യ സേവന രംഗത്തെ വൻ പ്രതിസന്ധിയിലാക്കുന്നതു മായ ആറ് ദിവസത്തെ പണിമുടക്ക് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ജനുവരി 3 ന് ആരംഭിച്ച പണിമുടക്ക് ജനുവരി 9 രാവിലെ ഏഴുമണിയോടെ അവസാനിക്കും.
ജൂനിയർ ഡോക്ടർമാർ ആറ് ദിവസത്തേക്ക് പിക്കറ്റ് ലൈനുകൾ എടുക്കുന്നതിനാൽ, പണിമുടക്ക് ആരോഗ്യ സേവന രംഗത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ആയിരക്കണക്കിന് രോഗികളുടെ പരിചരണത്തിൽ കാലതാമസമുണ്ടാക്കുകയും ചെയ്യും.
എൻഎച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന സംഘടന, സർക്കാരും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള തർക്കം വേഗത്തിൽ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം മറ്റ് ആരോഗ്യ പ്രവർത്തകർ കൂടി പണിമുടക്കിനെ പിന്തുണക്കുന്ന മാരകവും അസാധാരണവുമായ സാഹചര്യം സാധ്യത ഉണ്ടാകുന്നതിന്റെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ പകുതിയോളം മെഡിക്കൽ തൊഴിലാളികൾ പങ്കെടുക്കുന്ന പണിമുടക്ക്, എൻഎച്ച്എസ് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രയാസകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും, പണിമുടക്ക് മിക്കവാറും എല്ലാ പതിവ് പരിചരണത്തെയും ബാധിക്കുമെന്ന മുന്നറിയിപ്പുമാണ് എൻഎച്ച്എസ് നൽകിയിരിക്കുന്നത്. അടിയന്തര പരിചരണത്തിന് മുൻഗണന നൽകുമെന്നും അതിൽ പറയുന്നു.
ആരോഗ്യ സെക്രട്ടറി മുൻപ് വാഗ്ദാനം ചെയ്തിരുന്ന ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് പണിമുടക്കുമായി മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടായതെന്നും, തങ്ങൾക്കനുകൂലമായ നടപടികൾ ഉണ്ടാകുന്ന ഉടൻ പണിമുടക്ക് പിൻവലിക്കുമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ റോബർട്ട് ലോറൻസണും ഡോ വിവേക് ത്രിവേദിയും പ്രസ്താവനയിൽ പറഞ്ഞു.