ഇംഗ്ലണ്ട്: ഇറ്റലിയിൽ നടന്ന ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ട് ടീമിന് സ്വർണ കിരീടം. ഫൈനലിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ഇംഗ്ലണ്ട് ടീം ആതിഥേയരായ ഇറ്റലിയെയാണ് പരാജയപ്പെടുത്തിയത്. മലയാളി താരങ്ങളായ അഭിഷേക് അലക്സ്, ക്രിഷ് നായർ എന്നിവരുൾപ്പെടുന്ന ടീമാണ് ഇംഗ്ലണ്ടിന് സുവർണ നേട്ടം നേടിക്കൊടുത്തത്.
ഇംഗ്ലണ്ട്, ഇറ്റലി, നെതർലാൻഡ്സ്, ജർമനി, ഹംഗറി, സ്വിറ്റ്സർലൻ്റ് തുടങ്ങിയ മികച്ച ടീമുകൾ പങ്കെടുത്ത അന്താരാഷ്ട്ര ടൂർണമെൻ്റിലാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ടീം വെന്നിക്കൊടി പാറിച്ചത്. ഇന്ത്യൻ പ്രോ കബഡി ലീഗിൽ ഡൽഹി ഡബാംഗ് താരമായ ഫെലിക്സ് ലി ക്യാപ്റ്റനായ ടീമിൽ അഭിഷേക് അലക്സ്, വരദ് ക്ഷിർസാഗർ, ക്രിഷ് നായർ, ജോർജ് വെല്ലിംഗ്ടൺ, ഏകം സിംഗ്, സുശീൽ സെയ്നി എന്നിവരാണ് കളിച്ചത്. സുശീൽ സെയ്നി കളിക്കാരനൊപ്പം മാനേജരുടെ ചുമതലയും വഹിച്ചു.
ഇറ്റലിയിലെ മിലാനിന് സമീപം ബെർഗാമോയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ടൂർണമെൻ്റിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഹംഗറിയേയും, സ്വിറ്റ്സർലണ്ടിനേയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ ഇടം നേടിയത്. ജർമ്മനി നെതർലാൻഡ്സ് ടീമുകളെ കീഴടക്കിയാണ് ഇറ്റലി ഫൈനലിൽ എത്തിയത്.
ഇംഗ്ലണ്ടിൽ നടന്ന കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിന് വേണ്ടി കളിച്ച മാഞ്ചസ്റ്റർ സ്വദേശി അഭിഷേക് അലക്സ് ഇതാദ്യമായാണ് ഇംഗ്ലണ്ട് നാഷണൽ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞത്. ഹൾ - യോർക്ക് മെഡിക്കൽ സ്കൂളിൽ ഫൈനൽ ഇയർ മെഡിക്കൽ വിദ്യാർത്ഥിയായ അഭിഷേക് പഠനത്തിനൊപ്പം കായിക രംഗത്തും ശ്രദ്ധപതിപ്പിക്കുന്നു. മുൻ യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിൻ്റെയും വിഥിൻഷോ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിൻ്റെയും രണ്ടാമത്തെ മകനാണ് അഭിഷേക്. ബാങ്കുദ്യോഗസ്ഥയായ അനേഖ അലക്സ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഏഡ്രിയേൽ അലക്സ് എന്നിവർ സഹോദരിമാരാണ്.
മാഞ്ചസ്റ്റർ സ്വദേശി തന്നെയായ ക്രിഷ് നായർ വാർവിക് യൂണിവേഴ്സിറ്റിയിൽ സിസ്റ്റം എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പഠനവും സ്പോർട്സും ഒരേപോലെ കൊണ്ടുപോകുന്ന ക്രിഷ് നായർ ഗ്രേറ്റർ മാഞ്ചസ്റ്റർ മെൻ്റൽ ഹെൽത്ത് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്ററായ സന്തോഷ് നായരുടേയും ഗ്രേറ്റർ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ സീനിയർ ക്വാളിറ്റി ലീഡായ മായ സന്തോഷിൻ്റേയും മൂത്ത മകനാണ്. സഹോദരൻമാർ എ ലെവൽ വിദ്യാർത്ഥി റിഷിക് നായർ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഷിനാൻ നായർ.
ഇംഗ്ലണ്ട് ടീമിൻ്റെ വിജയത്തിൽ ഭാഗഭാക്കാകാൻ സാധിച്ച മലയാളി താരങ്ങളായ അഭിഷേകിനേയും, ക്രിഷിനേയും മുഴുവൻ ടീമംഗങ്ങളേയും യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ യുക്മ ദേശീയ സമിതിക്കു വേണ്ടി അഭിനന്ദിച്ചു.