ലണ്ടൻ: ലണ്ടനിൽ ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തീ പിടിത്തത്തിൽ മരിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്കു ആദരാഞ്ജലി. പശ്ചിമ ലണ്ടനിലുള്ള ഹൗൺസ്ലോയിൽ ചാനൽ ക്ലോസിലുള്ള ഹിന്ദു കുടുംബത്തിലെ മൂന്നു കുട്ടികളും അവരുടെ അമ്മയും കുടുംബത്തിന്റെ അതിഥിയുമായ അമ്മയുമാണ് മരിച്ചത്.
റിയാൻ, ശയന, ആരോഹി എന്നീ കുട്ടികൾ, 'അമ്മ സീമ രാത്ര എന്നിവരും അതിഥിയും വീടിനെ വിഴുങ്ങിയ തീയിൽ വെന്തു മരിച്ചപ്പോൾ കുട്ടികളുടെ അച്ഛൻ ആരോൺ കിഷൻ രക്ഷപെട്ടു. അദ്ദേഹം ആശുപത്രിയിലാണ്. ആറാമതൊരാളെ കാണാതായിട്ടുണ്ട്.
കുട്ടികൾ പഠിച്ചിരുന്ന സ്പ്രിങ്‌വെൽ സ്കൂൾ അവർക്കു ആദരമായി സംഭവസ്ഥലത്തു പൂക്കൾ വച്ചു. വേദന നിറഞ്ഞ കുറിപ്പുകളും എഴുതി.
തീയാളുമ്പോൾ കിഷൻ വീട്ടിൽ നിന്ന് "എന്റെ മക്കൾ, എന്റെ മക്കൾ" എന്ന് അലറി വിളിച്ചു കൊണ്ട് പുറത്തേക്കോടി വന്നുവെന്നു അയൽവാസികൾ പറഞ്ഞു.
പത്തു ഫയർ എൻജിനുകളും 70 സേനാ അംഗങ്ങളും രക്ഷാ പ്രവർത്തനത്തിനു എത്തി. വീടിന്റെ താഴത്തെ നിലയും രണ്ടാം നിലയും കത്തി നശിച്ചു. മേൽക്കൂരയ്ക്കും കേടുപാടുകളുണ്ട്. രണ്ടാം നിലയിലാണ് അഞ്ചു ജഡങ്ങളും കണ്ടെത്തിയത്. അന്വേഷണം നടത്തുന്നുണ്ടെന്നു ഫയർ ഫോഴ്സ് പറഞ്ഞു.