എസ്സെക്സ്: രോഗി അക്രമിച്ചുവെന്ന് വ്യാജ പരാതി നൽകി സര്‍ജറി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ ജി പിക്ക് 12 മാസം വിലക്ക്. എസെക്സ് തെയിംസ് വ്യൂ മെഡിക്കല്‍ സെന്ററിലെ അപ്പോയിന്റ്മെന്റിനിടെയായിരുന്നു 58 - കാരനായ ഡോ. ഗുര്‍കിറിത് കാല്‍കാട്ടിന്റെ നാടകം.
വാതില്‍ക്കലേക്ക് സ്വയം വീഴുകയും, നെഞ്ചിലിട്ട് ഇടിക്കുകയും ചെയ്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയെ പ്രതിയാക്കാന്‍ ശ്രമിച്ചത്. പോലീസിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയായിരുന്നു ഈ നാടകം.
ഡോക്ടറുടെ അഭിനയം കണ്ട് രോഗി കസേരയില്‍ ഞെട്ടലോടെ ഇരിക്കുമ്പോള്‍ ഉയർന്ന നിലവിളിയോടെ പാനിക് ബട്ടണ്‍ അമര്‍ത്തുകയാണ് ഡോക്ടര്‍ ചെയ്തത്.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് നിരപരാധിയായ രോഗിയെ കൈവിലങ്ങ് അണിയിച്ചാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ പ്രോസിക്യൂഷനുമായി മുന്നോട്ട് പോകാന്‍ കാല്‍കാട്ട് തയ്യാറാകാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ള രോഗിയെ തന്റെ സര്‍ജറിയില്‍ നിന്നും ഒഴിവാക്കി കിട്ടാനായിരുന്നു ഡോക്ടറുടെ വ്യാജ പാരാതിയെന്ന് മുന്നോട്ടുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തനിക്ക് ഗുരുതര ബ്ലഡ് ക്യാന്‍സറാണെന്ന് വിശ്വസിപ്പിച്ച് രോഗിയെ മറ്റൊരു ജി പിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും ഡോക്ടര്‍ ശ്രമിച്ചതിനും തെളിവ് ലഭിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നും 40,000 പൗണ്ടിലേറെ നല്‍കി റിഹാബിലിറ്റേഷന്‍ ചികിത്സയ്ക്കും സഹായം നല്‍കി. എന്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് വിശദീകരിക്കാന്‍ കാല്‍കാട്ടിന് സാധിച്ചില്ല.