യു കെ / ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളായ യു കെ, കാനഡ എന്നിവിടങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. നിലവിൽ ഇന്ത്യക്കാരായ നിരവധി ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ പ്രാക്ടിസ് ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിന് വ്യത്യാസം വരാനുള്ള സാധ്യതയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും തിരിച്ചും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രത്തിനു സമർപ്പിച്ചു. വാർത്ത ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ സ്ഥിരീകരിച്ചു.
/sathyam/media/media_files/L4cwUwE1PeCE8r06m3tn.jpg)
യു കയും ഇന്ത്യയും തമ്മിൽ നാളുകളായി ചർച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്ടിഎ) ഭാഗമായിട്ടാണ് ഈ നിർദേശമുള്ളത്. ഇരു രാജ്യങ്ങളും ഏറെ താത്പര്യത്തോടെയാണ് സ്വതന്ത്ര വ്യാപാര കരാറിനെ നോക്കിക്കാണുന്നത്. അതേസമയം പരസ്‌പര അനുമതി വ്യവസ്‌ഥകളിൽ മാത്രമേ ഇതു നടപ്പാക്കുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരായ 42,000 - ത്തോളം ചാർട്ടേഡ് അക്കൗണ്ടന്റ്മാർ നിലവിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഓസ്ട്രേലിയയുമായും സമാന കരാർ ആലോചിക്കുന്നുണ്ട്. അടുത്ത ഏതാനും വർഷത്തിനുള്ളിൽ രാജ്യത്തിനു 30 ലക്ഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ വേണ്ടി വരുമെന്നും അഗർവാൾ പറഞ്ഞു. നിലവിൽ 4 ലക്ഷത്തിലേറെപ്പേർ ഐസിഎഐ അംഗങ്ങളാണ്. 8.5 ലക്ഷം വിദ്യാർഥികളുമുണ്ട്.