യു കെ : ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാം മാൻവേഴ്‌സ് തടാകത്തിൽ വെച്ച് നടക്കുന്ന യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ വനിതാ വിഭാഗത്തിൽ ഇതാദ്യമായി 12 വനിതാ ടീമുകൾ പങ്കെടുക്കുന്നു. യുക്മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ വനിതാ വിഭാഗം മത്സരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുവാൻ എത്തുന്നത്.
യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നതെന്ന് യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് വള്ളംകളിയിൽ മത്സര വിഭാഗത്തിൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്.
12 ടീമുകൾ പങ്കെടുക്കുന്ന വനിതാ വിഭാഗത്തിലെ ആദ്യ മൂന്ന് ടീമുകളെ പരിചയപ്പെടുത്തുകയാണിവിടെ:-
റോയൽ ഗേൾസ് ബർമിംഗ്ഹാം.
———————————————
അലീന സജി നയിക്കുന്ന റോയൽ ഗേൾസ് ബർമിംഗ്ഹാം നിലവിലുള്ള ചാമ്പ്യൻമാരാണ്. ആദ്യമായി മത്സരത്തിനിറങ്ങിയ 2024 ൽ തന്നെ വിജയികളായ റോയൽ ഗേൾസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും അലീന സജിയുടെ നായകത്വത്തിൽ തന്നെ മത്സരത്തിനെത്തുന്നത്. നിലവിലെ വിജയികളാണെന്ന വസ്തുതയോടൊപ്പം ചിട്ടയായ പരിശീലനം നൽകുന്ന ആത്മവിശ്വാസവുമാണ് ടീമിൻ്റെ കരുത്ത്. ഇക്കുറിയും വിജയം മാത്രമാണ് റോയൽ ഗേൾസിൻ്റെ ലക്ഷ്യം.
ഗ്രിംസ്ബി തീപ്പൊരികൾ.
———————————-
യുകെ മലയാളികൾക്ക് ഏറെ സുപരിചിതയായ ലീനുമോൾ ചാക്കോയാണ് ഗ്രിംസ്ബി കേരളൈറ്റ്സ് അസ്സോസ്സിയേഷൻ്റെ ഗ്രിംസ്ബി തീപ്പൊരികൾ ടീമിനെ നയിക്കുന്നത്. 2022 - 25 കാലയളവിൽ യുക്മ ദേശീയ വൈസ് പ്രസിഡൻ്റായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ലീനുമോൾ നല്ലൊരു കലാകാരി കൂടിയാണ്. 2022, 2023 വർഷങ്ങളിൽ വിജയികളായിരുന്ന സ്കന്തോർപ്പ് പെൺകടുവകൾ ടീമിൻ്റെ ഭാഗമായിരുന്ന ലീനുമോൾ ചാക്കോ ഇക്കുറിയെത്തുന്നത് ഗ്രിംസ്ബി തീപ്പൊരികൾ ടീമിൻ്റെ ക്യാപ്റ്റനായിട്ടാണ്. കഠിനമായ പരിശീലനം വിജയത്തിലേക്ക് വഴി തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രിംസ്ബി തീപ്പൊരികൾ.
SMA റോയൽസ് സാൽഫോർഡ്.
———————————————-
തെരേസ മാത്യുവിൻ്റെ ക്യാപ്റ്റൻസിയിൽ മത്സരത്തിനെത്തുന്ന SMA റോയൽസ് സാൽഫോർഡ് ഇത്തവണ മത്സരത്തിനെത്തുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. 2024 ൽ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ SMA റോയൽസ് ഇത്തവണ വിജയത്തിലെത്തുവാൻ കഠിന പരിശീലനം തുടരുകയാണ്. സാൽഫോർഡ് മലയാളി അസ്സോസ്സിയേഷനിലെ വനിതകൾ അണി നിരക്കുന്ന SMA റോയൽസിന് ഉറച്ച പിന്തുണയുമായി അസ്സോസ്സിയേഷൻ ഭാരവാഹികൾ ഒപ്പമുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ മത്സര പരിചയം ഇക്കുറി ടീമിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം SMA റോയൽസ്.
ഏറെ ആവേശകരമായ വള്ളംകളിയും മലയാളത്തിൻ്റെ മാത്രം കലാരൂപങ്ങളായ തിരുവാതിരയും തെയ്യവും പുലികളിയും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥർഹാം മാൻവേഴ്സ് തടാക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജജ് - 07403312250
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG