ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈകമ്മിഷന് ഹർജി സമർപ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റർ

New Update
bdaa76cf-d307-444f-8e8e-789a7305a957

ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി (യു കെ) - കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷയും മേലിൽ അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കുമായി ഭരണ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ
ഹൈകമ്മിഷന് ഹർജി സമർപ്പിച്ചു.

Advertisment

ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പ്രദേശത്ത് ഒക്ടോബർ 2025-ൽ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓൺലൈനായി ഹർജി സമർപ്പിച്ചത്. ഈ സംഭവങ്ങൾ ഇന്ത്യൻ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്‌ക്ക് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

ഒക്ടോബർ 25-ന് ബർമിങ്ഹാമിലെ വാൾസാൾ പാർക്ക് ഹാൾ പ്രദേശത്ത് ഒരു ഇന്ത്യൻ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്, ഒക്ടോബർ 16ന് ഹെയിൽസൊവൻ നഗരത്തിൽ മറ്റൊരു യുവതിക്കെതിരെയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹർജിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 

23b535af-0258-4af9-b644-708859f0aee7

അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന്‌ പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും  സ്വഭാവസാമ്യവും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായായി ഹർജിയിൽ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതോടൊപ്പം, ലണ്ടൻ തവിസ്‌ക്വയറിൽ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ–ബ്രിട്ടൻ സൗഹൃദ മൂല്യങ്ങൾക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു. 

യുകെ ഹോം ഓഫീസ്, പൊലീസ്, പ്രാദേശിക അധികാരികൾ എന്നിവരുമായി നേരിട്ടുള്ള ഉയർന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹൈകമ്മിഷനിൽ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകൾക്കും കുടുംബങ്ങൾക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുക, ഇന്ത്യൻ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യൻ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങി ഇന്ത്യൻ ഹൈകമ്മീഷൻ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിർദേശങ്ങളും ഹർജിയിൽ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്. 

34db298c-9e5b-43b4-a633-dff7310e5cd7

ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ  മാതൃകാ സമൂഹമായി യുകെയിൽ നിലകൊള്ളുന്നതായും, എന്നാൽ ഒക്ടോബറിലെ ഈ ആക്രമണങ്ങൾ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകർക്കുമെന്നും സമൂഹത്തിൽ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാൻ ഹൈകമ്മിഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ കെ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഹർജിയും ഇന്ത്യൻ ഹൈകമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.

Advertisment