എഡിന്‍ബറോ: വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ് ശിക്ഷ. സ്കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം പറത്താനാണ് മദ്യപിച്ച നിലയില്‍ പൈലറ്റ് എത്തിയത്. സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലാണ് പ്രതി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പാണ് അറുപത്തിമൂന്നുകാരനായ റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റിനെ അറസ്ററ് ചെയ്തു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. റസലിന്റെ സാംപിളില്‍ 100 മില്ലി രക്തത്തില്‍ കുറഞ്ഞത് 49 മില്ലിഗ്രാം മദ്യം ആയിരുന്നു. നിയമപരമായ പരിധി നൂറു മില്ലിയില്‍ 20 മില്ലിഗ്രാമാണ്.
അനിയന്ത്രിതമായ മദ്യപാനത്തിന് റസലിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. റസലിന്റെ പെരുമാറ്റം പലരുടെയും ജീവന്‍ അപകടത്തിലാക്കുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.