ലണ്ടന്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്സുമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍. ബക്കിങ് ഹാം കൊട്ടാരത്തിലാണ് മറ്റ് രാജ്യങ്ങളിലെ നഴ്സുമാര്‍ക്കൊപ്പം ചാള്‍സ് എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, കെനിയ എന്നീ രാജ്യങ്ങളിലെയും നഴ്സുമാര്‍ ആഘോഷത്തില്‍ പങ്കെടുത്തു. 400 നഴ്സുമാരും മിഡ് വൈഫുകളുമാണ് ആഘോഷത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നത്.
രാജാവിന്‍റെ പിറന്നാള്‍ പ്രമാണിച്ച് ലണ്ടനില്‍ വിവിധയിടങ്ങളില്‍ ഗണ്‍ സല്യൂട്ടുകള്‍ നടത്തി. പിറന്നാള്‍ ദിനത്തില്‍ നിരവധി പരിപാടികളിലാണ് രാജാവ് പങ്കെടുത്തത്. രാജ്ഞി കാമിലക്കൊപ്പം ഓക്സ്ഫോര്‍ഡ്ഷയറിലെ പ്രളയ ബാധിക പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ചാള്‍സ് കൊറണേഷന്‍ ഫൂഡ് പ്രോജക്റ്റിനു തുടക്കം കുറിച്ചു.