ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ വംശീയ പരാമർശം: ടോറി നേതാവ് ലീ ആന്‍ഡേഴ്‌സനെ സസ്‌പെൻഡ് ചെയ്തു; വലതുപക്ഷ പാർട്ടിയായ റിഫോം യു കെയിൽ ചേർന്നേക്കും

ലീ ആന്‍ഡേഴ്‌സൻ നടത്തിയ പരാമര്‍ശം മുസ്‌ലിം വിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. മുസ്‌ലിം സമുദായങ്ങൾക്കെതിരെ കൂടുതല്‍ വെറുപ്പ് തോന്നിപ്പിക്കുന്നതാണ് ലീ ആന്‍ഡേഴ്‌സന്റെ പ്രസ്താവനയെന്നും സാദിഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

New Update
Lee Anderson

ലണ്ടന്‍: ലണ്ടനിൽ വീണ്ടും ലേബർ - കൺസർവേറ്റീവ് പാർട്ടി നേതാക്കളുടെ   വാക് പോര്. ലണ്ടൻ മേയറും ലേബർ നേതാവുമായ സാദിഖ് ഖാനെതിരായ പരാമര്‍ശത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലീ ആന്‍ഡേഴ്‌സനെ പാർട്ടി സസപെന്‍ഡ് ചെയ്തു. ലണ്ടന്‍ മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്ന വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് ആന്‍ഡേഴ്‌സനെതിരെ പാർട്ടി നടപടിയെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ നിയന്ത്രിക്കുന്നത് ഇസ്‌ലാമിസ്റ്റുകളാണെന്നായിരുന്നു ലീ ആന്‍ഡേഴ്‌സന്റെ വിവാദ പരാമര്‍ശം.

Advertisment

ലീ ആന്‍ഡേഴ്‌സൻ നടത്തിയ പരാമര്‍ശം ഇസ്‌ലാമോഫോബിയയുണ്ടാക്കുന്നതും മുസ്‌ലിം വിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. മുസ്‌ലിം സമുദായങ്ങൾക്കെതിരെ കൂടുതല്‍ വെറുപ്പ് തോന്നിപ്പിക്കുന്നതാണ് ലീ ആന്‍ഡേഴ്‌സന്റെ അപക്വമായ പ്രസ്താവനയെന്നും സാദിഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Sadiq Khan

ലീയുടെ വംശീയ വിദ്വേഷ പരാമർഷത്തിൽ, സാദിഖ് ഖാന്റെ പ്രതികരണം പുറത്തുവന്ന്  മണിക്കൂറുകൾക്കകം തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട് ആന്‍ഡേഴ്‌സനെ സസപെന്‍ഡ് ചെയതു. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടുവെങ്കിലും, ആഷ്‌ലിഫീൽഡിലെ സ്വതന്ത്ര അംഗമായി അദ്ദേഹത്തിന് തുടരാരാൻ സാധിക്കും. സാദിഖ് ഖാനെതിരായ പ്രസ്താവന വിവാദമായ സാഹചര്യത്തിലും മാപ്പ് പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ലീ ആന്‍ഡേഴ്‌സനെ സസപെന്‍ഡ് ചെയ്തതെന്ന് ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ടിന്റെ വക്താവ് വ്യക്തമാക്കി.

അതേസമയം, വലതുപക്ഷ പാർട്ടിയായ റിഫോം യു കെയിൽ ചേരുമെന്ന അഭ്യൂഹം താൻ തള്ളിക്കളയുന്നില്ലെന്ന് ലീ ആൻഡേഴ്സൺ പറഞ്ഞു. ഭാവിയെ പറ്റി തനിക്ക്‌ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എന്നാൽ റിഫോം യു കെയിലെ മുതിർന്ന അംഗങ്ങൾക്ക് ലീ ആൻഡേഴ്സൺ അത്ര അഭിമതനല്ല എന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, കൺസർവേറ്റിവ് പാർട്ടിയിലും കലാപക്കൊടി ഉയർത്തിയിരുന്ന ലീ ആന്‍ഡേഴ്‌സണ്‍,
ഋഷി സുനകിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.  പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും ലീയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.

ഏറെ വിവാദങ്ങൾക്ക് വഴി വെച്ച പരാമർശത്തിൽ, ആന്‍ഡേഴ്‌സനെതിരെ നടപടിയെടുക്കാന്‍  പ്രധാനമന്ത്രി ഋഷി സുനകിന് മേല്‍ കടുത്ത സമ്മര്‍ദ്ദം രൂപപ്പെട്ടിരുന്നു.

Advertisment