New Update
/sathyam/media/media_files/2025/08/22/1000260597-2025-08-22-14-38-13.jpg)
യു കെ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ വെസ്റ്റ് യോർക്ക്ഷയർ കീത്ത്ലി മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ലിജോ ലാസർ വിജയിയായി. ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൻ്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും ലിജോ ഡിസൈൻ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
Advertisment
നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ലിജോ ലാസറിൻ്റെ ലോഗോ യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. അക്കൌണ്ടൻ്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തിൽ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ - തെരേസാസ് 'ഓണച്ചന്തം' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന 'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്', വടക്കൻ കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന തെയ്യം, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.