ലണ്ടന്‍: വനിതാ ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു.
വയനാട്ട മാനന്തവാടി സ്വദേശിയാണ് ഇദ്ദേഹം. സഭയുടെ ഉത്തമ താല്‍പര്യത്തെക്കരുതി താന്‍ രാജി വെക്കുകയാണെന്ന് ജോണ്‍ പെരുമ്പളം പ്രതികരിച്ചു.
ജോണ്‍ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ അംഗീകരിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്.
പീഡന പരാതി ഉയര്‍ന്നതോടെ ലിവര്‍പൂള്‍ രൂപതയിലെ മുതിര്‍ന്ന വൈദികരടക്കം ബിഷപ്പ് ജോണ്‍ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചത് വാറിംഗ്ടണ്‍ രൂപതയുടെ വനിതാ ബിഷപ്പായ ബെവ് മേസണ്‍ ആയിരുന്നു.
ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്ന് ബിഷപ്പ് ബെവ് മേസണ്‍ കുറ്റപ്പെടുത്തി തുറന്ന കത്ത് എഴുതിയിരുന്നു.
/sathyam/media/media_files/2025/01/31/sZ0DSBD3o3sV2YO9TCew.jpg)
തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ്‍ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു.
2019 മുതല്‍ 2023 ബിഷപ്പ് ജോണ്‍ ബ്രാഡ്വെല്‍ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയതെന്നാണ് ആക്ഷേപം.
2023ലാണ് ലിവര്‍പൂള്‍ ബിഷപ്പായി പെരുമ്പളത്ത് ചുമതലയേല്‍ക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
2023ല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് നാഷണല്‍ സെയ്ഫ് ഗാര്‍ഡിംഗ് ടീംസ് ഉള്‍പ്പടെ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ്. അടിസ്ഥാന രഹിതമായ മാധ്യമ വിചാരണയും കുറ്റപ്പെടുത്തലുമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വെളിച്ചത്ത് വന്ന സാഹചര്യത്തില്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ജോണ്‍ പെരുന്തളത്തിന് നല്ലതെന്ന് വനിത ബിഷപ്പ് ബെവ് മേസണ്‍ പ്രതികരിച്ചു.
താന്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് സത്യസന്ധവും ആത്മാര്‍ത്ഥവുമായ അന്വേഷണങ്ങള്‍ നടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് ലിവര്‍പൂള്‍ രൂപതാ ബിഷപ്പായി ചുമതല ഏല്‍ക്കുന്നതിന് മുമ്പ് ബെവ് മേസണ്‍ ഇവിടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു.