യു കെയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ മലയാളം ക്ലാസ്സുകളുമായി ഐ ഓ സി (യു കെ) പീറ്റർബൊറോ യൂണിറ്റ്; 'മധുരം മലയാളം' ക്ലാസുകൾ ഓഗസ്റ്റ് 4 മുതൽ

New Update
ioc uk kerala chapter

പീറ്റർബൊറോ: യു കെയിൽ ഈ വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വെയ്പ്പ് എന്ന ആശയം അടിസ്ഥസനമാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) - കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. 

Advertisment

സമാന്തര വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സെന്റ്. മേരീസ് എഡ്യുക്കേഷണൽ അക്കാദമിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 4 മുതൽ ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. 

ഈ വേനലവധിക്കാലം വിനോദത്തോടൊപ്പം അൽപ്പം വിജ്ഞാനവും, മാതൃഭാഷയുടെ മധുരം യു കെയിലെ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെയാണ് 'മധുരം മലയാളം' എന്ന തലക്കെട്ടിൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ഈ പഠന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണ്ണമായും ശാസ്ത്രീയമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും.

മൂന്നാം ക്ലാസ്സ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തല്പരരായ വിദ്യാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30  വിദ്യാർത്ഥികൾക്ക്‌ മാത്രമായിരിക്കും ക്ലാസുകളിലേക്കുള്ള പ്രവേശനാവസരം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ പ്രത്യേക ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
 
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക:

സൈമൺ ചെറിയാൻ: 07404725150
ദിനു എബ്രഹാം: 07776 698132
സിബി അറയ്ക്കൽ: 07465 814227

Advertisment