/sathyam/media/media_files/2025/09/09/bvv-2025-09-09-04-50-39.jpg)
പീറ്റര്‍ബൊറോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന 'മധുരം മലയാളം' ക്ളാസുകള്‍ വിജയകരമായി പൂര്‍ത്തിയായി. മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റര്‍ബോറോയിലെ സെന്റ. മേരീസ് അക്കാദമിയില്‍ വച്ച് വര്‍ണ്ണാഭമായി നടന്നു.
മൂന്നാം ക്ളാസ്സ് മുതല്‍ എ ~ ലെവല്‍ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് 'മധുരം മലയാളം' പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാപനച്ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐഒസി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്‍ സ്വാഗതവും സിബി അറക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായി പന്ത്രണ്ട് ദിന പഠന പദ്ധതി തയ്യാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റര്‍ബൊറോ സെന്റ്. മേരീസ് അക്കാദമി ഡയറക്ടര്‍ സോജു തോമസിനെ ചടങ്ങില്‍ ആദരിച്ചു.
'മധുരം മലയാളം' പഠന പദ്ധതിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളായ ആല്‍ഡണ്‍ ജോബി, അലന തോമസ് എന്നിവര്‍ തങ്ങളുടെ അനുഭവം വേദിയില്‍ പങ്കുവച്ചു. പഠന പദ്ധതിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ളീബ എന്നിവര്‍ക്ക് ക്യാഷ് പ്രൈസും സ്ററീവന്‍ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കി ആദരിച്ചു.
യുകെയില്‍ വലിയ തരംഗമായി മാറിയ 'മധുരം മലയാളം' പഠന പദ്ധതിക്ക് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളില്‍ നിന്നും മലയാളം ഭാഷ സ്നേഹികളില്‍ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്.
ഓഗസ്ററ് 4ന് ആരംഭിച്ച 'മധുരം മലയാളം' പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ളിക്കേഷന്‍ വൈസ് ചെയര്‍മാനുമായ പഴകുളം മധു നിര്‍വഹിച്ചു. ഐഒസി (യുകെ)യുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു കൊണ്ടും ദീപിക ദിനപത്രം ഡല്‍ഹി ബ്യൂറോ ചീഫ് & നാഷണല്‍ അഫയേഴ്സ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, യുകെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ കരൂര്‍ സോമന്‍ എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ നല്‍കി.
ചടങ്ങുകള്‍ക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറര്‍ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.