റോമി കുര്യാക്കോസ്
Updated On
New Update
/sathyam/media/media_files/mr24adk2cd2XewDCGLtN.jpg)
യു കെ: യു കെയിലെ യുവ മലയാളി ഡോക്ടറും അമ്മയും ചേർന്ന് നടത്തിയ തട്ടിപ്പിൽ ഞെട്ടിയിരിക്കുകയാണ് ഇവിടുത്തെ മലയാളി സമൂഹം. മൂവാറ്റുപുഴയിൽ ആയുര്വേദ ചികിത്സാ ഉപകരണങ്ങള് നിര്മിക്കുന്ന ദ്രോണി ആയുര്വേദാസില് ഡോ. ലക്ഷ്മി നായരും അവിടുത്തെ ജീവനക്കാരിയുമായിരുന്ന അമ്മ രാജശ്രീയും ചേര്ന്ന് നടത്തിയത് ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്. യുകെയില് ഡോക്ടറായിരുന്ന മകളെ പഠിപ്പിച്ചത് തട്ടിപ്പ് നടത്തി ലഭിച്ച പണമുപയോഗിച്ചെന്നു പ്രതി രാജശ്രി സമ്മതിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന 'ദ്രോണി ആയുര്വേദ' എന്ന സ്ഥാപനത്തില്നിന്ന്, പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര് വിനായകം വീട്ടില് രാജശ്രീ എസ്. പിള്ള (52), മകള് ഡോ. ലക്ഷ്മി നായര് (25) എന്നിവരെ പോലീസ് പിടികൂടിയത്. മിടുക്കിയും തൊഴില് രംഗത്ത് സമര്ഥയുമായ ഡോ. ലക്ഷ്മി നായര് അറസ്റ്റിലായി എന്നു വിശ്വസിക്കാന് പോലും പലര്ക്കും കഴിയുന്നില്ല. പഠനത്തില് മിടുക്കിയായ ലക്ഷ്മിക്ക് എങ്ങനെ ഇത്രയും വലിയ തട്ടിപ്പു നടത്താന് സാധിച്ചത് എന്ന ചോദ്യമാണ് ഇവരുടെ സുഹൃത്തുക്കളും ഉയർത്തുന്നത്.
തീർത്തും അവിശ്വസനീയമെന്നാണ് ഇവരോട് അടുപ്പമുള്ളവർ പ്രതികരിക്കുന്നത്. രാജശ്രീ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, ബിസിനസ് വര്ധിച്ചിട്ടും അക്കൗണ്ടില് പണം കുറയുന്നത് ശ്രദ്ധയില്പ്പെട്ട ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതോടെയാണ് തട്ടിപ്പിന്റെ പൊരുൾ വെളിച്ചത്തു വരുന്നത്. പലതവണകളായി കമ്പനിയുടെ അക്കൗണ്ടില്നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കും രാജശ്രീ പണം മാറ്റുകയായിരുന്നു എന്ന് കമ്പനി കണ്ടെത്തി.
തുടര്ന്ന് ഇതുസംബന്ധിച്ച പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിച്ചശേഷം കമ്പനി അധികൃതർ പോലീസിന് പരാതി നല്കുകയായിരുന്നു. മൂന്നുവര്ഷത്തിനിടെ പലതവണകളായാണ് ഇവര് പണം തട്ടിയെടുത്തതെന്നും പരാതിക്കാരന് പറയുന്നു. ദ്രോണി ആയുര്വേദ' കമ്പനിയുടമയായ കിഷോര് നൽകുന്ന വിവരമനുസരിച്ച്, അറസ്റ്റിലായ രാജശ്രീ മൂന്നുവര്ഷം മുന്പാണ് സ്ഥാപനത്തിലെ അക്കൗണ്ട്സ്, ടെലിമാര്ക്കറ്റിങ് വിഭാഗത്തിൽ ജോലിക്ക് കയറിയത്. ഓഫീസില് നേരത്തെ വന്ന് വൈകി മാത്രം ജോലികഴിഞ്ഞ് പോകുന്നയാളായിരുന്നു.
അത്തരത്തില് പ്രതി വിശ്വാസ്യത നേടിയെടുത്തത് തട്ടിപ്പിന് തുണയായി. വളരെ വിദഗ്ധമായാണ് രാജശ്രി തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നു പരാതിക്കാരൻ പറയുന്നു. കമ്പനിയില് നന്നായി ബിസിനസ് നടന്നിട്ടും അക്കൗണ്ടില് പണമൊന്നും വന്നിരുന്നില്ല. ബിസിനസ് കൂടിയിട്ടും പണം കാണാത്തതിനാലാണ് ഇക്കാര്യം പരിശോധിക്കാന് തുടങ്ങിയത്. കമ്പനിയിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയര് പരിശോധിച്ചപ്പോള് അതിലെ കണക്കുകളെല്ലാം കൃത്യമായിരുന്നു. പക്ഷേ, ആ തുകയൊന്നും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നില്ല.
അങ്ങനെയാണ് പരിശോധന നടത്തിയത്. ആദ്യം സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്ത്ത് ഇക്കാര്യം പറഞ്ഞു. മുഴുവന് രേഖകളും ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ജീവനക്കാരിയുടെ തട്ടിപ്പ് കണ്ടെത്തിയത്. പരാതിക്കാരൻ പറയുന്നു. കമ്പനിയുടെ അക്കൗണ്ടില്നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് പുറമേ കമ്പനിയുടെ ഉപഭോക്താക്കളില്നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയും രാജശ്രീ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരന് പറയുന്നത്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളില്നിന്നാണ് ഇത്തരത്തില് പണം തട്ടിയത്. കമ്പനിയുടെ അക്കൗണ്ടെന്ന് പറഞ്ഞ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവര് ഉപഭോക്താക്കള്ക്ക് നല്കിയിരുന്നത്.
മാത്രമല്ല, കമ്പനിയില്നിന്ന് ചില ആയുര്വേദ ഉപകരണങ്ങള് മോഷ്ടിച്ച് വില്പ്പന നടത്തിയതായും പരാതിയുണ്ട്. കൂടുതൽ അന്വേഷണത്തിൽ, കമ്പനിയുടെ പണം രാജശ്രീയുടെ മകള് ഡോ.ലക്ഷ്മി നായരുടെ അക്കൗണ്ടിലേക്കും പോയിരുന്നതായി കണ്ടെത്തി. ലക്ഷ്മി നായര് റഷ്യയില് എം.ബി.ബി.എസിന് പഠിക്കുന്ന കാലയളവില്തന്നെ ഇത്തരത്തില് പലതവണ പണം മാറ്റിയിട്ടുണ്ട്. മകളുടെ ഒരു അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയാണ് രാജശ്രീ മാറ്റിയത്. മകളുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും കൈമാറി.
റഷ്യയില് എം.ബി.ബി.എസ്. പഠനം പൂര്ത്തിയാക്കിയ ലക്ഷ്മി നായര് മാസങ്ങള്ക്ക് മുന്പാണ് യു.കെ.യില് ജോലിക്കായി പോയത്. അടുത്തിടെ നാട്ടില് തിരിച്ചെത്തിയ യുവതിയുടെ വിവാഹവും നടന്നിരുന്നു. കുറ്റം രാജശ്രീ സമ്മതിച്ചിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസച്ചെലവിനായി പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ആദ്യ വാദം. ഇതില് 50 ലക്ഷത്തോളം രൂപ ചെലവാക്കിയതായും പറയുന്നു. ഇതുസംബന്ധിച്ചു കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പരാതിക്കാരന് പറഞ്ഞു. ഇതിനിടയിൽ, രാജശ്രി യുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു കൂടുതൽ പരാതികകളും ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്.
രാജശ്രീ മുന്പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിരുന്നതായി പലരും പരാതിക്കാരനെ വിളിച്ച് പറയുന്നുണ്ട്. മാത്രമല്ല, സമാനമേഖലയില് പ്രവര്ത്തിക്കുന്ന മറ്റൊരു കമ്പനിയുമായി രാജശ്രീ നിരന്തരം ആശയവിനിമയം നടത്തിയതിന്റെ സൂചനകളും പരാതിക്കാരന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വാട്സാപ്പ് ചാറ്റുകളടക്കം പോലീസ് കണ്ടെടുത്തതായാണ് വിവരം.
ദുബായിയില് സാമ്പത്തിക തട്ടിപ്പ് നടത്തി എക്സിറ്റടിക്കാതെ മടങ്ങിവന്നതിന് അന്വേഷണ ഏജന്സികളുടെ നിരീക്ഷണത്തിലായിരുന്നു എന്നതു സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തയിലും കൂടുതൽ അന്വേഷിക്കുന്നുണ്ട്. വ്യാജ സര്ട്ടിഫിക്കറ്റ് നിര്മിച്ചുവെന്ന സൂചനയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതും അന്വേഷണപരിധിയിലു ണ്ടെന്നാണ് വിവരം.
കേസില് നിലവിലെ രണ്ടു പ്രതികളും കാക്കനാട് ജയിലിൽ റിമാന്ഡിലാണ്. കേസില് വിശദമായ അന്വേഷണം നടത്തുമെന്ന് മൂവാറ്റുപുഴ എസ്.എച്ച്.ഒ. പ്രതികരിച്ചു. ഇരുവരെയും ഇനി കസ്റ്റഡിയില് വാങ്ങി ചോദ്യംചെയ്യുമെന്നും എസ്.എച്ച്.ഒ. പറഞ്ഞു.
Advertisment