യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു; വിടപറഞ്ഞത് പാലക്കാട്‌ സ്വദേശി രാജേഷ് ഉത്തമരാജ്; കുടുംബത്തെ ചേർത്തുപിടിച്ചു രാജേഷിന്റെ സുഹൃത്തുക്കൾ

മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർനടപടികൾ പൂർത്തിയായാലുടൻ ഏപ്രിൽ 22 ന് സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

New Update
rajesh uthamaraj

വെയ്ൽസ്: യു കെയിലെ മലയാളി സമൂഹത്തിന് ഞെട്ടലുളവാക്കിക്കൊണ്ട് മറ്റൊരു മരണവാർത്ത കൂടി. യു കെയിൽ നഴ്സ് ആയി ജോലി ചെയ്തുവരുകയായിരുന്ന മലയാളി രാജേഷ് ഉത്തമരാജ് (51) ആണ് കഴിഞ്ഞ ദിവസം  കുഴഞ്ഞുവീണു മരിച്ചത്. നാട്ടിൽ പാലക്കാടാണ് സ്വദേശം. 

Advertisment

വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന രാജേഷ്, ഞായറാഴ്ച ഉച്ചയോടെ തന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ എമർജൻസി പിൻ അമർത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലൻസ് ടീമിന്റെ സഹായം തേടിയത്. എന്നാൽ ആംബുലൻസ് ടീം എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി മരണം സ്ഥിരീകരിച്ചു. അപസ്മാരം ഉൾപ്പടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന രാജേഷിന്, കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് രാജേഷിന്റെ മാതാപിതാക്കൾ. ഭാര്യ സ്വപ്ന ജോസ് നോർത്ത് വെയ്ൽസിലെ ഒരു സ്വകാര്യ കെയർ ഹോമിൽ നഴ്സായി ജോലി ചെയ്യുന്നു. കോളജ് വിദ്യാർഥിയായ മാർട്ടിൻ രാജേഷ് (15), പത്താം ക്ലാസ് വിദ്യാർഥിനിയായ ലിവി രാജേഷ് (13) എന്നിവരാണ് മക്കൾ.  സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ). 

2001 - ലാണ് രാജേഷ് യു കെയിൽ എത്തിയത്. യു കെയിലെ വിവിധ കെയർ ഹോമുകളിൽ നഴ്സ്, ടീം ലീഡർ, ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം ജോലിക്ക് പോയിരുന്നില്ല. പ്രാദേശികമായി നാട്ടിലും യുകെയിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന രാജേഷ് നിരവധി ആളുകളെ യു കെയിൽ സൗജന്യമായി ജോലി ലഭിക്കുന്നതിന് സഹായിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർനടപടികൾ പൂർത്തിയായാലുടൻ ഏപ്രിൽ 22 ന് സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അവസാന കാലഘട്ടത്തിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന്റെ കുടുംബത്തെ സഹായിക്കുവാൻ 1995 കാലഘട്ടത്തിൽ  ബെംഗളൂരു രാഘവേന്ദ്ര കോളജിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന യു കെയിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ 'ഗോ ഫണ്ട്' മുഖേന ധനശേഖരണം നടത്തുന്നുണ്ട്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്.

Advertisment