ലണ്ടൻ: നോർത്ത് ലണ്ടനിലെ കെയർ ഹോമിൽ നിന്ന് രക്ഷപ്പെട്ട മാനസികാസ്വാത്യമുള്ള രോഗിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പോലീസ്. നാൽപത്തിനാലുകാരനായ ബാലശങ്കർ നാരായണനാണ് ഓഗസ്റ്റ് 4 - ന് വൈകുന്നേരം 6.40 - ന് നോർത്ത് ലണ്ടനിലെ ഒരു കെയർ ഹോമിൽ നിന്നും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ബാലശങ്കർ ഉൾപ്പടെ മൂന്നു പേരാണ് കെയർ ഹോമിൽ ഉള്ളത്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മാനസികരോഗിയായ ബാലശങ്കർ ഇതിന് മുൻപ് നാലു തവണ ഇത്തരത്തിൽ പരിചരണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീകൾക്ക് അപകടകരമായ വ്യക്തിയാണെന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചു.
ഇതിനു മുൻപ് 2021- ലും 2023 - ലും രണ്ടു തവണ വീതം ബാലശങ്കർ പരിചരണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടിരുന്നു. ഓരോ തവണയും വിപുലമായ അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞത്. ബാലശങ്കർ ന്യൂഹാം, ഗ്രീൻഫോർഡ്, ഹാമർസ്‌മിത്ത്, ഹൈഗേറ്റ്, ഇൽഫോർഡ്, വെസ്‌റ്റ് മിഡ്‌ലാൻഡ്‌സ് ഗ്രേയ്‌സ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ബന്ധമുള്ളയാളാണ്.
ബാലശങ്കറിനെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അക്രമവാസന കാണിക്കുന്നതിനാൽ നേരിട്ട് സമീപിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.