ചരിത്ര പ്രധാനമായ ഇന്ത്യ - യുകെ വ്യാപാര കരാർ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചു. സാൻഡ്രിങ്ങാം ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ചാൾസിനു മോദി ഒരു വൃക്ഷ തൈ സമ്മാനിച്ചു. അമ്മമാരുടെ പേരിൽ ഒരു തൈ നടുക എന്ന മോദിയുടെ പരിപാടിയുടെ ഭാഗമായാണിത്.
മോദി എക്‌സിൽ കുറിച്ചു: "പ്രകൃതിയോടും പരിസ്ഥിതിയോടും ഏറെ സ്നേഹമുള്ള വ്യക്തിയാണ് ചാൾസ് മൂന്നാമൻ രാജാവ്. 'ഏക് പേഡ് മാ കെ നാം' എന്ന പരിപാടിയിൽ അദ്ദേഹം ചേർന്നത് ഏറെ ശ്രദ്ധേയമാണ്. ലോകത്തിന്റെ പല ഭാഗത്തും അത് ജനങ്ങൾക്ക് ആവേശം പകരും.
"ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ച്ച ഏറെ നന്നായിരുന്നു. ഞങ്ങൾ ഇന്ത്യ-യുകെ ബന്ധങ്ങളുടെ പല വശങ്ങളും സംസാരിച്ചു. വ്യാപാര-നിക്ഷേപ രംഗങ്ങളിൽ ഉണ്ടായ പുരോഗതി ഉൾപ്പെടെ.
"മറ്റു സംസാര വിഷയങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം, യോഗ, ആയുർവേദ എന്നിങ്ങനെ അദ്ദേഹത്തിന് ആവേശമുളള വിഷയങ്ങളും ഉൾപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ഞങ്ങൾ സംസാരിച്ചു."
ചാൾസ് രാജാവ് മോദിയെ സാൻഡ്രിങ്ങാമിൽ സ്വീകരിച്ചെന്നു രാജകുടുംബം എക്‌സിൽ എഴുതി. "ശരത്കാലത്തു നടാനുളള ഒരു വൃക്ഷ തൈ പ്രധാനമന്ത്രി രാജാവിനു സമ്മാനിച്ചു. അമ്മമാരുടെ പേരിൽ തൈ നടാനുള്ള പ്രധാനമന്ത്രിയുടെ പരിസ്ഥിതി പരിപാടിയുടെ ഭാഗമാണിത്."
പരിപാടിയിൽ ചേർന്നതിനു പ്രധാനമന്ത്രി രാജാവിനോട് പ്രത്യേകം നന്ദി പറഞ്ഞു.
നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമാറുടെ ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ മോദി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി. ചായ സൽക്കാരത്തിന്റെ ഭാഗമായ 'ചായ് പേ ചർച്ച'യിൽ ശക്തമാകുന്ന ഇന്ത്യ-യുകെ ബന്ധങ്ങൾ വിഷയമായെന്നു മോദി എക്‌സിൽ കുറിച്ചു.
ബിസിനസ് നേതാക്കളെയും അവിടെ വച്ച് മോദിയും സ്റ്റാർമറും കണ്ടു.