'സെവൻ ബീറ്റ്സ് - സർഗ്ഗം സ്‌റ്റീവനേജ് സംഗീതോത്സവം ശനിയാഴ്ച; ആഘോഷ മാമാങ്കത്തിന് സാക്ഷിയാകാൻ സ്‌റ്റീവനേജ് ഒരുങ്ങി

കലാപരിപാടികളുടെ ആധിക്യവും, ഹാളിന്റെ സമയപരിമിതിയും നിമിത്തം ഏഴാമത് സെവൻ ബീറ്റ്സ് സംഗീതോത്സവം നാളെകൃത്യം ഉച്ചക്ക് ഒന്നരക്ക് തുടങ്ങുമെന്നും ഇതൊരറിയിപ്പായി കണക്കാക്കണമെന്നും കോർഡിനേറ്റർ

New Update
musical extravaganza

സ്റ്റീവനേജ്:  സ്‌റ്റീവനേജ് കലാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത - സംഗീത- ദൃശ്യ കലാമാമാങ്കത്തിന് നാളെ, ഫെബ്രുവരി 24 - ന് (ശനിയാഴ്ച) സ്റ്റീവനേജിനടുത്ത വെൽവിൻ സിവിക്ക് സെന്ററിൽ അരങ്ങേറും.

Advertisment

കലാപരിപാടികളുടെ ആധിക്യവും, ഹാളിന്റെ സമയപരിമിതിയും നിമിത്തം ഏഴാമത് സെവൻ ബീറ്റ്സ് സംഗീതോത്സവം നാളെകൃത്യം ഉച്ചക്ക് ഒന്നരക്ക് തുടങ്ങുമെന്നും ഇതൊരറിയിപ്പായി കണക്കാക്കണമെന്നും കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. താമസിച്ചെത്തുന്നവരുടെ അവസരം നഷ്ടപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രാത്രി പത്തു മണിവരെ നിജപ്പെടുത്തിയിരിക്കുന്ന കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

ഒഎൻവി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാർച്ചനയും സംഗീതോത്സവവേദിയിൽ അർപ്പിക്കും. ഡോ. ശിവകുമാർ തയ്യാറാക്കുന്ന 'സ്വരം' മാഗസിൻ, യുവഗായകർ ഒരുക്കുന്ന ഓഎൻവി 'ഗാനാമൃതം', 'ടീം ലണ്ടൻ' അവതരിപ്പിക്കുന്ന ഓഎൻവി 'മെലഡി', സർഗ്ഗം സ്‌റ്റീവനേജ് 'ടീൻസ്' ഒരുക്കുന്ന ഓഎൻവി 'നൃത്തലയം' എന്നിവ ഓഎൻവി അനുസ്മരണത്തിന്റെ ഭാഗമാകും. 'സർഗ്ഗ താളം' സ്റ്റ‌ീവനേജിന്റെ ബാനറിൽ ജോണി കല്ലടാന്തി നേതൃത്വം നൽകുന്ന ശിങ്കാരി മേളം അടക്കം പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 - ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ കലാ വസന്തമാവും വെൽവിൻ സിവിക് സെന്ററിൽ ശനിയാഴ്ച‌ നടക്കുക.

സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ, പ്രശസ്‌ സാമൂഹ്യ പ്രവർത്തകയും, സംരഭകയുമായ ഷൈനു ക്ലെയർ മാത്യൂസ്, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും, എഴുത്തുകാരിയുമായ ആൻ പാലി തുടങ്ങിയവർ സംഗീതോത്സവത്തിൽ അതിഥികളായി സന്നിഹിതരാവും. 7 ബീറ്റ്സിന്റെ മുഖ്യ കോ - ഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ സ്വാഗതം ആശംസിക്കും. സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന വേദിയിൽ, ഡോ. ശിവകുമാർ 'സ്വരം' മാഗസിൻ പ്രകാശനം ചെയത്, ഓഎൻവി അനുസ്‌മരണ പ്രഭാഷണം നടത്തും. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.

യു കെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, പ്രശസ് കലാകാരൻ ജിൻസൺ ഇരിട്ടി രചനയും, സംവിധാനവും നിർവഹിക്കുകയും, പ്രശസ്ത‌ പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധാനം ചെയ്‌ത്‌ ഗാനം ആലപിക്കുകയും ചെയ്ത 'ബിഹൈൻഡ്' സിനിമയുടെ ഫസ്‌റ്റ് ടീസർ റിലീസിങ് കർമ്മവും നടക്കും.

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന 'ചാരിറ്റി റാഫിൾ ടിക്കറ്റ് ' നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്നതാണ്. കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് ഒരു മണിമുതൽ സിവിക്ക് ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്.

സിവിക്ക് സെന്ററിന്റെ സമീപത്തായിത്തന്നെ നാലോളം ഇടങ്ങളിലായി സൗജന്യ കാർ പാർക്കിങ് സൗകര്യങ്ങളും ഉണ്ട്. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യപ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായിരുന്ന്, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും സുവർണ്ണാവസരം ഒരുക്കുമ്പോൾ, സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സണ്ണിമോൻ മത്തായി: 07727993229

ഡോ. ശിവകുമാർ: 0747426997

ജോമോൻ മാമ്മൂട്ടിൽ: 07930431445

മനോജ്‌ തോമസ്: 07846475589

അപ്പച്ചൻ കണ്ണഞ്ചിറ: 07737956977

വേദിയുടെ വിലാസം:

CIVIC CENTRE WELWYN, STEVENAGE
AL6 9ER

Advertisment