/sathyam/media/media_files/EBm6m5jkPyTfiqNtT9HB.jpg)
ലണ്ടൻ: യു.കെയിൽ ചികിത്സയിലിരിക്കെ മലയാളി നഴ്‌സ് മരണമടഞ്ഞു. യു.കെയിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസാണ് (34) ജോലിക്കിടെ കുഴഞ്ഞ് വീഴുകയും തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞതും.
വിദഗ്ധ പരിശോധനയിൽ തലച്ചോറിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. ജൂലൈ 30 ഞായറാഴ്ച കുഴഞ്ഞ് വീണ നിമ്യയെ ഹോസ്പിറ്റിലിൽ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 31 തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എൻ എച്ച് എസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഓഗസ്റ്റ് 1 ചൊവ്വാഴ്ച്ചയാണ് മരണമടഞ്ഞത്. മുമ്പ് നാട്ടിൽ തൃശൂർ അശ്വനി ഹോസ്പിറ്റിലിലും, സൗദി അറേബ്യയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്യ മാത്യൂസ് ഈ വർഷം ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്സിലെ ബെക്സ്ഹിൽ എൻ എച്ച് എസ് ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്.
മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.