ലണ്ടന്‍: പാക്കിസ്ഥാന്‍ രഹസ്യമായി യുക്രെയ്ന് ആയുധം വിറ്റെന്നു റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു നേരിയ ആശ്വാസം പ്രതീക്ഷിച്ചാണ് പാക്കിസ്ഥാന്‍ ഇതു ചെയ്തിരിക്കുന്നതെന്നും ബിബിസി തയാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. റാവല്‍പിണ്ടിയിലെ പാക് വ്യോമസേന താവളത്തില്‍നിന്ന് ബ്രിട്ടീഷ് സൈനിക ചരക്കുവിമാനം ആയുധങ്ങളുമായി അഞ്ചു തവണ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിലേക്കും അവിടുന്ന് റുമേനിയയിലേക്കും പറന്നതായാണ് ബിബിസി പറയുന്നത്.
എന്നാല്‍, ഇങ്ങനെയൊരു ആയുധക്കച്ചവടം നടന്നിട്ടില്ലെന്നാണ് പാക് അധികൃതര്‍ പറയുന്നത്. റഷ്യ~ യുക്രെയ്ന്‍ വിഷയത്തില്‍ പൂര്‍ണമായ നിഷ്പക്ഷതയാണ് തങ്ങളുടെ നിലപാടെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. ആയുധക്കച്ചവട വാര്‍ത്ത സ്ഥിരീകരിക്കാന്‍ യുക്രെയ്നോ ബ്രിട്ടനോ തയാറായിട്ടില്ല.
155 എം.എം ഷെല്ലുകള്‍ കൈമാറാന്‍ അമേരിക്കന്‍ കമ്പനികളായ "ഗ്ളോബല്‍ മിലിട്ടറി', "നോര്‍ത്രോപ് ഗ്രുമ്മന്‍' എന്നിവയുമായി പാകിസ്താന്‍ വ്യത്യസ്ത കരാറുകളിലെത്തിയതായും ബി.ബി.സി പറയുന്നു. മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പുറത്താക്കി അധികാരത്തിലെത്തിയ സഖ്യ സര്‍ക്കാര്‍ 2022 ഓഗസ്ററ് 17നാണ് ഈ കരാറുകളിലെത്തിയത്. "ഗ്ളോബല്‍ മിലിട്ടറി' എന്ന കമ്പനിയുമായി 23.2 കോടി ഡോളറിനും "നോര്‍ത്രോപ് ഗ്രുമ്മനു'മായി 13.1 കോടി ഡോളറിനുമായിരുന്നു കരാര്‍.