ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യയും നടിയുമായ മേഗനും കൊട്ടാരം ഉപേക്ഷിച്ചു പോന്നതു മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ ഉള്‍പ്പോര് നാട്ടുകാര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ഇപ്പോഴിതാ സഹോദരങ്ങള്‍ക്കിടയില്‍ പുകഞ്ഞു കൊണ്ടിരുന്ന അകല്‍ച്ചയുടെ കഥകളുമായി വീണ്ടും എത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഔദ്യോഗിക എഴുത്തുകാരനായ റോബ് ജോബ്സണ്‍.
കിരീടാവകാശിയായ വില്യം രാജകുമാരന്‍ സ്വന്തം അമ്മയായ ഡയാന രാജകുമാരി അണിഞ്ഞിരുന്നിരുന്ന ആഭരണങ്ങളില്‍ ഒന്നു പോലും ഹാരിയുടെ ഭാര്യ മേഗനു നല്‍കരുതെന്ന് വിലക്കിയിരുന്നുവെന്നാണ് റോബ് തന്‍റെ പുതിയ പുസ്തകമായ കാതറിന്‍ , ദി പ്രിന്‍സസ് ഒഫ് വെയില്‍സ് എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ഹാരിയും മേഗനും തമ്മിലുള്ള ബന്ധത്തോട് പണ്ടു മുതലേ വില്യമിനും കേറ്റിനും താത്പര്യമുണ്ടായിരുന്നില്ലെന്നും റോബ് എഴുതിയിട്ടുണ്ട്.
ഹാരിയു വില്യമും തമ്മിലുള്ള ബന്ധത്തില്‍ വിവാഹത്തിനു മുന്‍പേ പോറലുകള്‍ വീണിരുന്നു. വിവാഹത്തോടെ അതു പൂര്‍ണമായ അകല്‍ച്ചയിലെത്തി. ഹാരിയും മേഗനുമായുള്ള ബന്ധം അതിവേഗമാണ് വിവാഹത്തിലെത്തിയത്. എന്നാല്‍ മേഗന് രാജകീയ ജീവിതവുമായി ചേര്‍ന്നു പോകുന്നതിനായി അല്‍പം സമയം കൊടുക്കണമെന്ന് വില്യം ഹാരിയോട് പറഞ്ഞിരുന്നു.
എന്നാല്‍ ഹാരിക്കത് മേഗനെ അപമാനിക്കുന്നതായാണ് തോന്നിയതെന്നും റോബ് എഴുതിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയോട് ഡയാന രാജകുമാരി ധരിച്ചിരുന്ന ആഭരണങ്ങളില്‍ ഒന്നു പോലും മേഗന് നല്‍കരുതെന്ന് ചട്ടം കെട്ടിയിരുന്നതും വില്യം ആയിരുന്നു. എന്നാല്‍ കേറ്റ് മിഡില്‍റ്റണിന് ഇതില്‍ ചില ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ലഭിച്ചിരുന്നു. കൊട്ടാരത്തിലെ മുന്‍ഗണന പ്രകാരമാണ് ഇത്തരത്തില്‍ അനുവാദം നല്‍കിയിരുന്നത്.
വിവാഹം കഴിഞ്ഞിട്ടും കൊട്ടാരത്തിലെ പെരുമാറ്റച്ചടങ്ങള്‍ക്കൊന്നും മേഗന്‍ വലിയ വില നല്‍കിയിരുന്നില്ല. ഒരിക്കല്‍ സ്വന്തം ലിപ് ഗ്ളോസ് എടുക്കാന്‍ മറന്ന മേഗന്‍ കേറ്റിനോട് ലിപ് ഗ്ളോസ് കടം ചോദിച്ചു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും മനസ്സില്ലാ മനസോടെ കേറ്റ് തന്‍റെ ലിപ് ഗ്ളോസ് മേഗന് നല്‍കി. എന്നാല്‍ അല്‍പം ലിപ് ഗ്ളോസ് വിരലില്‍ എടുത്ത് ചുണ്ടില്‍ പുരട്ടിയ മേഗനെ കണ്ട് കേറ്റ് അതൃപ്തിയോടെ മുഖം ചുളിച്ചുവെന്നും റോബ് എഴുതിയിട്ടുണ്ട്.