ലണ്ടന്‍: ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് ബ്രിട്ടനില്‍ പ്രത്യേക പരിഗണന ലഭിച്ചെന്ന് പ്രതിപക്ഷ ആരോപണം. ഇന്‍ഫോസിസ സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി.
ബ്രിട്ടന്‍ ഇന്‍ഫോസിസിന് കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രിതലത്തില്‍ ഉറപ്പു നല്‍കിയെന്ന വാര്‍ത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഈ വിഷയം സുനകിനെതിരേ ആയുധമാക്കിക്കഴിഞ്ഞു. വ്യവസായ വകുപ്പില്‍ നിന്നാണ് ഇന്‍ഫോസിസിന് ഇത്തരമൊരു ഉറപ്പ് ലഭിച്ചിരിക്കുന്നത്. വകുപ്പ് മന്ത്രി നേരിട്ട് ബംഗളുരുവിലെ ഇന്‍ഫോസിസ് ക്യാംപസില്‍ സന്ദര്‍ശനവും നടത്തിയിരുന്നു.
അക്ഷത മൂര്‍ത്തിക്ക് 0.91% ഓഹരിയാണ് സ്ഥാപനത്തിലുള്ളത്. ഇതിന് ഏതാണ്ട് 6000 കോടി രൂപയോളം മൂല്യം വരും. പ്രധാനമന്ത്രിയുടെ ഭാര്യ ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നയായിട്ടും അതിന് ആനുപാതികമായി നികുതി നല്‍കുന്നില്ലെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ പൗരയായ അക്ഷത മൂര്‍ത്തി ഇന്ത്യയിലെ കമ്പനിയില്‍ നിന്നുള്ള വരുമാനത്തിന്് ബ്രിട്ടനില്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥയല്ല.