ലണ്ടന്‍: ചൈനീസ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് ബ്രിട്ടീഷ് എര്‍വേയ്സ് രണ്ടു ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു. ചൈനക്കാരെ പരിഹസിക്കുന്ന വിധത്തിലുള്ള ടിക് ടിക് വിഡിയോയാണ് ഇവര്‍ ചെയ്തത്.
വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണ് ഹോളി വാള്‍ട്ടനും ലോറന്‍ ബ്രെയും അധിക്ഷേപ വിഡിയോ തയാറാക്കി പോസ്ററ് ചെയ്തത്. നന്നായി ഇംഗ്ളീഷ് സംസാരിക്കാന്‍ അറിയാത്തതിന് ചൈനീസ് കുടുംബത്തെ വിഡിയോയില്‍ അവര്‍ പരിഹസിക്കുന്നുണ്ട്. എനിക്ക് കുറച്ച് വൈന്‍ തരൂ എന്ന് ചൈനീസ് ആക്സന്റില്‍ പറയുന്ന വാള്‍ട്ടന്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ്കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.
വിഡിയോ പുറത്തുവന്നതോടെ ഇവരുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം പ്രതിഷേധിച്ചത്. എയര്‍ലൈന്‍സിനെയും സഹജീവനക്കാരെയും സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന വിഡിയോ ആണിതെന്ന് ഏഷ്യക്കാരിയായ മറ്റൊരു സഹപ്രവര്‍ത്തക ആരോപിച്ചു. ഞങ്ങള്‍ ഇതിനെ അനുകൂലിക്കില്ലെന്നും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വംശീയ വിദ്വേഷം മനസില്‍ പേറി നടക്കുന്നവര്‍ ഇതുപോലുള്ള വിഡിയോ ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ പങ്കുവെക്കുന്നത് ഞെട്ടിക്കുന്നതാണെന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും വംശീയ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വെയ്സ് വ്യക്തമാക്കി.