/sathyam/media/media_files/2025/09/24/kjj-2025-09-24-04-55-29.jpg)
യുകെയിൽ മലയാളിക്ക് നേരെ വംശീയ ആക്രമണം. ലിവർപൂളിലാണ് കടയിൽ സാധനങ്ങൾ വാങ്ങാൻ പോകവെ മലയാളിയായ യുവാവിനെ കൗമാരക്കാരൻ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്നും ലിവർപൂൾ മലയാളിയും, സാമൂഹികപ്രവർത്തകനുമായ ടോം ജോസ് തടിയംപാടിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആക്രമണത്തിന് ഇരയായ മലയാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
കടയിലേയ്ക്ക് നടന്നുപോകുമ്പോൾ പുറകെ സൈക്കിളിലെത്തിയ 18 വയസ് തോന്നിക്കുന്ന കൗമാരക്കാരൻ, ‘പ്രദേശത്തെ കുട്ടികളെ പിന്തുടർന്നോ' എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അക്രമിയുടെ കൈയിൽ ഒരു വടിവാളും ഉണ്ടായിരുന്നു. മലയാളി യുവാവിനോട് ഇയാൾ ക്ഷമ പറയാൻ ആവശ്യപ്പെട്ടെങ്കിലും, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് മറുപടി പറഞ്ഞതോടെ അക്രമി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് വെട്ടേറ്റതായും സൂചനയുണ്ട്.
അതേസമയം രക്ഷപ്പെടുന്നതിനിടെ സഹായത്തിനായി യുവാവ് സമീപത്തെ ട്രാഫിക് സിഗ്നലിലെത്തി സഹായം ചോദിച്ചെങ്കിലും, പുറകെയെത്തിയ കൗമാരക്കാരൻ, ഇയാൾ ബ്രിട്ടീഷുകാരനല്ല എന്ന് പറഞ്ഞുകൊണ്ട് ആളുകളെ പിന്തിരിപ്പിച്ചതായും പറയപ്പെടുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ആരോപണമുണ്ട്.
ഏതാനും മാസങ്ങൾക്കിടെ നിരവധി വംശീയ ആക്രമണങ്ങളാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശികൾ യുകെയിൽ നേരിടേണ്ടി വരുന്നത്.