ലണ്ടന്: യു കെയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 650 എം മാരടങ്ങുന്ന ഹൗസ് ഓഫ് കോമണ്സ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനകിന്റെ റുവാന്ഡ ബില്ലിന് ഹൗസ് ഓഫ് ലോർഡ്സിൽ തിരിച്ചടി. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് റുവാണ്ട ബില്ലിന് 'പിയേഴ്സ്' തിരിച്ചടി നൽകിയത്.
171- ന് എതിരെ 214 വോട്ടുകള്ക്കാണ് റുവാന്ഡ ബില്ലിനെ നിയമമാക്കി മാറ്റുന്നതിന് പിയേഴ്സ് എതിര്പ്പ് പ്രകടിപ്പിച്ചത്. നിലവിലെ കരാര് പ്രകാരം അഭയാര്ത്ഥി അപേക്ഷകര് റുവാന്ഡയില് സുരക്ഷിതരാകില്ലെന്നാണ് ലേബർ പാർട്ടിയുടെ ലോര്ഡ് ഗോള്സ്മിത്ത് അവതരിപ്പിച്ച പ്രമേയം മുന്നോട്ട് വച്ചത്. അടുത്ത ആഴ്ച ഋഷി സുനക്, റുവാണ്ട പദ്ധതി അപ്പർ ഹൗസിൽ അവതരിപ്പിക്കാനിരിക്കെ, കാര്യങ്ങൾ അത്ര ശുഭകരമാകില്ലെന്നു സുനിശ്ചിതം.
അതേസമയം, ഹൗസ് ഓഫ് കോമൺസിൽ എം പിമാര് അംഗീകരിച്ച പദ്ധതി എതിര്ത്ത് തുരങ്കം വെക്കാനാണ് ലേബര് പാർട്ടിയുടെ ശ്രമമെന്ന് ടോറി ഹോം ഓഫീസ് മന്ത്രി ലോര്ഡ് ഷാര്പ്പ് ആരോപിച്ചു. അടുത്ത ആഴ്ച നിയമം ലോര്ഡ്സില് എത്തുമ്പോഴും ഇത് അംഗങ്ങള് തള്ളുമെന്നാണ് കരുതുന്നത്. നേരത്തെ, ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവരെ ഈസ്റ്റ് ആഫ്രിക്ക രാജ്യമായ റുവാൻഡയിലേക്ക് അയക്കുന്ന പദ്ധതി ആയ 'റുവാണ്ട ബിൽ' ഹൗസ് ഓഫ് കോണ്സില് 276 - നെതിരെ 320 വോട്ടുകള്ക്കാണ് പാസായത്.
/sathyam/media/post_attachments/04e88bc2-197.jpg)
വിമത സ്വരങ്ങൾക്കിടയിലും ബിൽ നേടിയ വിജയം സുനകിന്റെ രാഷ്ട്രീയ നേട്ടമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. അതേസമയം, സ്പ്രിംഗ് സീസണോടെ നാടുകടത്തല് വിമാനങ്ങള് പറന്ന് തുടങ്ങാന് പിയേഴ്സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള് റുവാന്ഡ ബില് എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനക് കൂട്ടിച്ചേർത്തു. ചെറിയ ബോട്ടുകളില് ഇംഗ്ലീഷ് ചാനല് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബില്ലിലൂടെ ചെറുക്കാമെന്ന് സുനക് അനുകൂലികൾ വ്യക്തമാക്കുന്നു.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവർ ബില്ലിനെ എതിർക്കുന്ന പ്രമുഖർ. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര് ഇപ്പോഴും ഭേദഗതികള് വേണമെന്ന ആവശ്യത്തില് ഉറച്ചുനില്ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില് ബില് പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള് മൂലം തടസ്സങ്ങള് നേരിടുമെന്നും ഇവര് വാദം ഉന്നയിക്കുന്നു .