സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോർഡിനേറ്റർ

New Update
saleena sajeeve
യു കെ : യുക്മ ദേശീയ കായികമേള കോർഡിനേറ്ററായി സലീന സജീവിനെ, യുക്മ ദേശീയ അദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2022 - 2025 കാലയളവിൽ ദേശീയ കായികമേള കോർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തൻ്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവ്വഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർ നിയമനം.
സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളിലെ തൻ്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയാണ് സലീന.  മനോജ് കുമാർ പിള്ള പ്രസിഡൻ്റായിരുന്ന 2019 - 2022 കാലയളവിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്. യുക്മ കായികമേള ആരംഭിച്ച കാലം മുതൽ റീജിയണൽ, ദേശീയ തലങ്ങളിൽ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യൻ കൂടിയാണ് സലീന.
സ്കൂൾ, കോളേജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിലും തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യു കെ കെ സി എ യുടെ വനിത വിഭാഗമായ യു കെ കെ സി ഡബ്ള്യു എഫ് പ്രസിഡൻ്റ് കൂടിയാണ് സലീന.
ലണ്ടനിലെ എഡ്മണ്ടൺ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗമാണ് സലീന. നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ്സ് ട്രസ്‌റ്റ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ സീനിയർ നഴ്സായി ജോലി ചെയ്യുകയാണ് സലീന. ഭർത്താവ് സജീവ് തോമസ്, വിദ്യാർത്ഥികളായ മക്കൾ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
Advertisment
Advertisment