സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷൻ (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള അഞ്ചാമത് T10 ക്രിക്കറ്റ് ടൂർണമെൻറ് മെയ് 25ന് നടക്കും. റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം നിർവഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി 1000 പൌണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ 8 ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സര രംഗത്തുള്ളത്. ഗ്രൂപ്പ് A യിൽ KCC Portsmouth, Royal Devon CC, Breamore Dravidian CC Salisbury, SM 24 Fox XI എന്നിവരും ഗ്രൂപ്പ് ബി യിൽ
LGR, Coventry Blues, Swindon CC, Gully Oxford തുടങ്ങിയവരും ആണ് മത്സരിക്കുക.
തുടർച്ചയായി അഞ്ചാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് 10 വീതം ഓവറുകളിലായി രണ്ട് പിച്ചുകളിലായി രാവിലെ 8:00 മണിക്ക് തന്നെ ആരംഭിക്കും. Focus Finsure Limited Insurance and Mortgage Services, Chick Tales (Cafe Diwali), Natural Foods Salisbury തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഭക്ഷണസ്റ്റാൾ Turmeric Kitchen Taunton ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തുന്ന ക്രിക്കറ്റ് ക്ലബ്ബിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പ്രസിഡൻറ് എംപി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎ മുൻ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.