പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജി വച്ച് ബംഗ്ളാദേശ് വിട്ട ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ യുഎസ് റദ്ദാക്കി. അമേരിക്കയടക്കം വിവിധ രാഷ്ട്രങ്ങളാണ് രാജി വയ്ക്കാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. ബംഗ്ളാദേശ് പ്രതിപക്ഷത്ത ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമത്തില്‍ കടമ്പകള്‍ ഉയര്‍ന്നതോടെ ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഏതാനും ദിവസം കൂടി അവര്‍ ഇവിടെയുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. ഫിന്‍ലന്‍ഡിലെ ബന്ധുക്കളെ ആശ്രയിക്കുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
തിങ്കളാഴ്ച രാത്രി ഹിന്‍ഡന്‍ വ്യോമതാവളത്തിലിറങ്ങിയ ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും അതീവ സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. രഹാനയുടെ മകളും ബ്രിട്ടിഷ് പാര്‍ലമെന്‍റ് അംഗവുമായ ടുലിപ് സിദ്ദിഖിന്‍റെ വസതിയിലേക്കു പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍, രാഷ്ട്രീയ അഭയം നല്‍കുന്നതിനു തടസമുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
അന്താരാഷ്ട്ര സംരക്ഷണം വേണ്ടവര്‍ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണമെന്നാണ് ചട്ടമെന്നു ബ്രിട്ടിഷ് വൃത്തങ്ങള്‍. ഇതുപ്രകാരം ഹസീന നിലവില്‍ ഇന്ത്യയില്‍ സുരക്ഷിതയാണ്. ഇവിടെ നിന്നു രാഷ്ട്രീയ അഭയമോ താത്കാലിക അഭയമോ നല്‍കാന്‍ നിയമമില്ലെന്നാണു ബ്രിട്ടന്‍റെ നിലപാട്.
കൂടാതെ ബംഗ്ളാദേശിലെ സംഘര്‍ഷങ്ങളില്‍ യുഎന്‍ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരി എന്നു കണ്ടെത്തിയാല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും ബ്രിട്ടന്‍ പറയുന്നു. ഈ സാഹചര്യത്തിലാണു ഹസീന ഫിന്‍ലന്‍ഡിനെ ആശ്രയിക്കുന്നത് പരിഗണിക്കുന്നത്.