സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2025 - മലയാളം മിഷൻ യുകെ ചാപ്റ്ററിലെ വിദ്യാർത്ഥികൾ ഒന്നാംഘട്ട മത്സരത്തിന് സെപ്റ്റംബർ 20ന് മുൻപായി വീഡിയോ അയക്കേണ്ടതാണ്

New Update
4c2ad0b3-5284-4823-91bb-32253bcf35ba

ലണ്ടൻ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കുന്നതിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർത്ഥികൾ 2025 സെപ്റ്റംബർ ഇരുപതാം തീയതിക്കകം മാനദണ്ഡമനുസരിച്ചുള്ള കാവ്യാലാപനത്തിന്റെ വീഡിയോ അയക്കേണ്ടതാണ്. പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പിച്ചുകൊണ്ട് എല്ലാവർഷവും മലയാളം മിഷൻ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നും വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. 

Advertisment

ഈ വർഷം സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജ്ഞാനപീഠം അവാർഡ്  ജേതാവ് ശ്രീ ഒ.എൻ. വി കുറുപ്പ് രചിച്ച കവിതകൾ ആസ്പദമാക്കി മത്സരങ്ങൾ നടത്തുന്നതുകൊണ്ട് എല്ലാ മത്സരാർത്ഥികളും ഒ എൻ വി കുറുപ്പ് രചിച്ച കവിതകളാണ് ആലപിക്കേണ്ടത്.  

അഞ്ചു വയസ്സുമുതൽ 10 വയസ്സുവരെ സബ്ജൂനിയർ വിഭാഗത്തിലും 10 വയസ്സിനു മുകളിൽ 16 വയസ്സ് വരെ ജൂനിയർ വിഭാഗത്തിലും 16 വയസ്സ് മുതൽ 20 വയസ്സ് വരെ സീനിയർ വിഭാഗത്തിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. (വയസ്സ് കണക്കാക്കുന്നത് 2025 ജനുവരി 1 അടിസ്ഥാനമായിരിക്കും.) മത്സരത്തിൽ പങ്കെടുക്കുന്നവർ ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മനപാഠമായി ചൊല്ലണം. കുറഞ്ഞത് മൂന്നു മിനിറ്റും പരമാവധി 7 മിനിറ്റുമാണ് കവിത ചൊല്ലാനുള്ള സമയ ദൈർഘ്യം. സീനിയർ വിഭാഗത്തിന് 16 വരികൾ എന്ന നിബന്ധനയിൽ ആവർത്തിക്കുന്ന വരികൾ ഉൾപ്പെടുന്നതല്ല. 

മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്. ചാപ്റ്ററുകൾക്കുള്ളിൽ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം. വിവിധ ചാപ്റ്ററുകളിൽ നിന്ന് ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവരെ ഉൾപ്പെടുത്തി മലയാളം മിഷൻ നടത്തുന്ന ഓൺലൈൻ മത്സരമാണ് രണ്ടാംഘട്ടം. രണ്ടാംഘട്ട ഓൺലൈൻ മത്സരത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന 10 പേരാണ് മൂന്നാംഘട്ടമായ ഗ്രാൻഡ്ഫിനാലയിൽ മത്സരിക്കുക. ഗ്രാൻഡ്ഫിനാലെ മത്സരത്തിലെ 1,2 ,3 സ്ഥാനങ്ങളിൽ വരുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും ഫലകവും കേരളത്തിലെ മലയാളം മിഷൻ നൽകുന്നതുമാണ് .രണ്ടാം ഘട്ട മത്സരത്തിന്റെയും ഗ്രാൻഡ്ഫിനാലെ മത്സരത്തിന്റെയും മേൽനോട്ടം പൂർണ്ണമായും കേരളത്തിലെ മലയാളം മിഷൻ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത് . 

സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളിൽ നിന്നും ഒന്നാംഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ മാനദണ്ഡങ്ങൾ പാലിച്ച് കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ 2025 സെപ്റ്റംബർ 20ന് മുൻപായി malayalam missionukchapter@gmail.com എന്ന ഈമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മലയാളം മിഷൻ യു കെ ചാപ്റ്ററിലെ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കുള്ള സമ്മാനം മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നൽകുന്നതാണ്.

പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധിനിർണ്ണയം നടത്തുന്നത്. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. 

കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒന്നാം ഘട്ട കാവ്യാലാപന മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന പരമാവധി വിദ്യാർത്ഥികൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.


മത്സരസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 
07846747602, 07882791150, 07940355689 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment