യുകെയില്‍ ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്ന് സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
765efg
ലണ്ടന്‍: യുകെയിലെ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലവാര്‍ക്കും ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഇതു നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

1947 ~60 കാലഘട്ടത്തില്‍ യു.കെയില്‍ യുവാക്കള്‍ക്ക് ഒന്നര വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു. ഇതിനു സമാനമായ രീതിയാണ് തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ദേശീയ സേവന പദ്ധതി പ്രകാരം യുവാക്കള്‍ ഒരുവര്‍ഷം സായുധ സേനയില്‍ സേവനമനുഷ്ടിക്കുകയോ മാസത്തില്‍ ഒരു വാരാന്ത്യത്തില്‍ സന്നദ്ധസേവനം നടത്തുകയോ ചെയ്യേണ്ടിവരും. പൊലീസ്, ആരോഗ്യ സേവനം തുടങ്ങിയവയിലാണ് സന്നദ്ധ സേവനം നടത്തേണ്ടത്.

പദ്ധതിക്ക് പ്രതിവര്‍ഷം 300 കോടി ഡോളറിലധികം ചെലവുവരും. ദേശീയ ഐക്യം വര്‍ധിപ്പിക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് സുനക് പറഞ്ഞു. കണ്‍സര്‍വേറ്റിവുകള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനു മറുപടിയായി കൂടിയാണ് സുനകിന്റെ പ്രഖ്യാപനം.
Advertisment