പതിനാറാമത് യുക്മ - ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ.... ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ

New Update
1000336355
യു കെ : പതിനാറാമത് യുക്മ - ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ളീവ് സ്‌കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ ബഹുമാനപ്പെട്ട ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത ബ്രിട്ടീഷ് ഇൻഡ്യൻ ചലച്ചിത്ര - സീരിയൽ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. 
Advertisment
നവംബർ 01 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയ്യാറെടുപ്പുകൾ കൃത്യമായി നടത്തി ഒരുക്കങ്ങൾ  പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ എന്നിവർ അറിയിച്ചു. റീജിയണൽ കലാമേളകളിൽ മത്സരാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും മത്സര ഇനങ്ങളിലെ വർദ്ധനവും മുൻ നിർത്തി ഇത്തവണ ഏഴ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ദേശീയ കലാമേള 2023 വരെ അഞ്ച് വേദികളിലും 2024 ൽ ആറ് വേദികളിലുമായിട്ടാണ് നടത്തിയത്. ഇതാദ്യമായിട്ടാണ് ദേശീയ കലാമേള ഏഴ് വേദികളിലായി സംഘടിപ്പിക്കുന്നത്.
യുക്‌മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ രാവിലെ 11.30 ന് ചേരുന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം പതിനാറാമത് ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജയകുമാർ നായർ യോഗത്തിന് സ്വാഗതം ആശംസിക്കും. പ്രശസ്‌ത ബ്രിട്ടീഷ് ഇന്ത്യൻ നടി വരദ സേതു യുക്‌മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി ഗസ്‌റ്റായി പങ്കെടുക്കും. യുക്‌മ ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിന് കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ കൃതഞ്ജത പ്രകാശിപ്പിക്കും.
കോഴിക്കോട് നിന്നും മാതാപിതാക്കളോടും ഇരട്ട സഹോദരിയുമോടൊപ്പം ഇംഗ്ളണ്ടിലെ ന്യൂകാസിൽ അപ്പോൺ ടൈനിലേയ്ക്ക് കുടിയേറിയ വരദ വിദ്യാഭ്യാസത്തോടൊപ്പം ഡാൻസും അഭിനയവും ഉൾപ്പടെയുള്ള കലാ പ്രവർത്തനങ്ങളിലും സജീവമായി. എമ്മി അവാർഡ് കരസ്ഥമാക്കിയ സീരീസ്  'ആൻഡോർ', ബിബിസി ക്ളാസ്സിക്ക് സീരീസായ 'ഡോക്ടർ ഹൂ' എന്നിവയിലെ റോളുകളിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ച് പറ്റിയ വരദ അഭിനയ രംഗത്ത് സജീവമായി. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിയോളജിയിൽ ബിരുദം കരസ്ഥമാക്കിയ വരദ 'ഡോക്‌ടർ ഫോസ്റ്റർ', `ഹാർഡ് സൺ', 'സ്‌ട്രൈക്ക് ബാക്ക്`, `അന്നിക' തുടങ്ങി നിരവധി സീരീസുകളിലൂടെ അഭിനയ രംഗത്ത് തൻ്റെ സ്ഥാനം ഉറപ്പിച്ചു. 
ഡാൻസ് ഒരു പാഷനായി കൂട്ടത്തിൽ ചേർത്ത വരദ ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്പം മുതൽ പരിശീലിച്ച് തുടങ്ങി. ഇംഗ്ളീഷ് സിനിമ - സീരിയൽ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ വരദ സേതുവിനെ യുക്‌മ ദേശീയ കലാമേള വേദിയിലേയ്ക്ക് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് യുക്‌മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നത്.
യുക്മ ലൈഫ് ലൈൻ ദേശീയ കലാമേള സ്പോൺസർ ചെയ്യുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട്, ഫസ്റ്റ് കോൾ 247 ലിമിറ്റഡ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, തെരേസാസ് ലണ്ടൻ, മുത്തൂറ്റ് ഗ്രൂപ്പ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ജെ.എം.പി സോഫ്‌റ്റ് വെയർ, മാഗ്‌നവിഷൻ എന്നീ സ്ഥാപനങ്ങളാണ്. ദേശീയ, റീജണൽ കലാമേളകളുടെ രജിസ്‌ട്രേഷൻ മുതൽ റിസൽട്ട് വരെയുള്ള കാര്യങ്ങൾ സുഗമമായി നടത്തുന്നതിന് വേണ്ട സോഫ്‌റ്റ് വെയർ രൂപകൽപ്പന ചെയ്ത് സപ്പോർട്ട് ചെയ്യുന്നത് യുക്‌മ മുൻ സൌത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി കൂടിയായ ജോസ് പി.എംൻ്റെ JMP സോഫ്‌റ്റ് വെയർ എന്ന സ്ഥാപനമാണ്.
പതിനാറാമത് യുക്‌മ ദേശീയ കലാമേളയിലേക്ക് മുഴുവൻ മത്സരാർത്ഥികളെയും കാണികളെയും യുക്മ ദേശീയ സമിതിക്ക് വേണ്ടി സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ഇവൻ്റ് കോർഡിനേറ്റർ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.
Advertisment