New Update
/sathyam/media/media_files/2025/06/28/1000171697-2025-06-28-15-14-41.jpg)
മാഞ്ചസ്റ്റർ: സെൻ്റ്. തോമസ് ദി അപ്പോസ്തൽ മിഷൻ മാഞ്ചസ്റ്ററിൽ ഇടവക ദിനാഘോഷത്തോടെ ഗ്രേഷ്യസ് - 2025 (GRATIAS - 2025) നാളെ മാഞ്ചസ്റ്റർ തിരുനാളാഘോഷങ്ങളുടെ ഇരുപതാം വർഷികാഘോഷങ്ങൾക്ക് വിശ്വാസ തീഷ്ണവും പ്രൗഢഗംഭീരവുമായ തുടക്കം കുറിക്കും. നാളെ വിഥിൻഷോ ഫോറം സെൻ്ററിൽ ഉച്ചകഴിഞ്ഞ് 2മണിക്ക് കുടുംബകൂട്ടായ്മകളുടെയും, മിഷനിലെ വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പൊതു സമ്മേളനത്തിൽ വച്ച് മിഷനെ നയിച്ചവർക്കും, മിഷൻ്റെ പുരോഗതിക്കായി നിലകൊണ്ടവരേയും ആദരിക്കും. വൈകിട്ട് ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്ല്യം ഐസക് ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നെെനാൻ എന്നിവർ നേതൃത്വം കൊടുക്കുന്ന മ്യൂസിക്കൽ കൺസേർട്ട് ഉണ്ടായിരിക്കുന്നതാണ്.
Advertisment
യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ വീണ്ടും തിരുന്നാൾ ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ഈ വർഷം തിരുന്നാളിന്റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഭാരതത്തിൻ്റെ അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുന്നത്.
ജൂൺ 29 ഞായറാഴ്ച കൊടിയേറി ജൂലൈ ആറ് ഞായറാഴ്ച തിരുന്നാൾ കൊടിയിറങ്ങുന്നതോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.പ്രധാന തിരുന്നാൾ ജൂലൈ 5 ശനിയാഴ്ച നടക്കും.
യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് റവ ഫാ. സജി മലയിൽ പുത്തൻപുരയിൽ സീറോമലബാർ സമൂഹത്തിൻ്റെ ചുമതല വഹിച്ചിരുന്ന 2006 - ൽ മാഞ്ചസ്റ്ററിലായിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ആയി ആഘോഷിച്ചുവരികയാണ്. സജിയച്ചനെ തുടർന്ന് ചുമതല വഹിച്ചിരുന്ന റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരി, റവ. ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികരും ഇപ്പോൾ മിഷൻ ഡയറക്ടായിരിക്കുന്ന റവ. ഫാ. ജോസ് കുന്നുംപുറവുമാണ് മിഷൻ്റെ ചുമതല വഹിച്ചു വന്നിരുന്നത്.
തോമാശ്ലീഹായുടെ തിരുനാളാഘോഷമായി ആരംഭിച്ച മാഞ്ചസ്റ്റർ തിരുനാൾ പിന്നീട് വിശുദ്ധ അൽഫോസാമ്മയുടെയും കൂടി സംയുക്ത തിരുന്നാളാഘോഷമായി മാറുകയുണ്ടായി.
നാട്ടിലെ പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾ എല്ലാം അതേ തനിമയോടെ മാഞ്ചസ്റ്ററിൽ പുനരാവിഷ്കരിക്കാൻ കാലാകാലങ്ങളിൽ ചുമതല വഹിച്ചിരുന്ന വൈദികരും, അത്മായ നേതൃത്വവും, ഇടവക സമൂഹം ഒരുമിച്ച് ചേർന്നാണ് മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങൾ കെങ്കേമമാക്കി വന്നിരുന്നത്. വിശുദ്ധ തോമാശ്ലീഹായുടെയും,അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിൻ്റെയും, വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും തിരുസ്വരൂപങ്ങളും, പൊൻ - വെള്ളി കുരിശുകളും, മുത്തുക്കുടകളും, കൊടിതോരണങ്ങളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചു തിരുന്നാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും.പിന്നീട്ട് നാട്ടിലേക്കാളും കേമമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചെസ്റ്ററിലാണെന്ന് ആദ്യകാലം മുതൽ ഇവിടെ സ്ഥിരതാമസമാക്കിയവർ ഓർമിക്കുന്നു.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലയുയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക.
മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാൾ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും,മുത്തുക്കുടകളും,ബാൻഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്. പ്രധാന തിരുന്നാൾ ദിനത്തിൽ പൗരാണികതയും, പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദായകവും ശ്രദ്ധയാകർഷിക്കുന്നതുമാണ്. പൊൻ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം ഇവിടുത്തെ സീറോ മലബാർ മലയാളികൾക്ക് വിശ്വാസ പ്രഘോഷണമാണ്.
ജൂൺ മാസം 29 ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രസുദേന്തി വാഴ്ചയും,ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും.ഇതേ തുടർന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും, ഉൽപ്പന്ന ലേലവും നടക്കും.
തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
തിങ്കളാഴ്ച മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്‌ടർ ഫാ.സുനി പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്‌ടർ ഫാ. സാന്റോ വാഴേപറമ്പിലും മുഖ്യ കാർമ്മികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്‌ടർ ഫാ.ജോബി ജോൺ ഇടവഴിക്കലും കാർമ്മികരാവും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും.ആഷ്‌ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമ്മികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.