മാഞ്ചസ്ററര്‍: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രിയ മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്ററ് റീജിയന്‍. മാഞ്ചസ്റററിലെ ക്രംസാല്‍ സെന്റ്. ആന്‍സ് പാരിഷ് ഹാളില്‍ 'നീതിമാന്റെ ഓര്‍മകള്‍ക്ക് പ്രണാമം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിര്‍ഭരമായി.
മാഞ്ചസ്റററിലെ വിവിധ യൂണിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
ഒഐസിസി (യു കെ) വര്‍ക്കിങ് പ്രസിഡന്റും യു കെയിലെ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകയും ഉമ്മന്‍ ചാണ്ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഷൈനു ക്ളെയര്‍ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നോര്‍ത്ത് വെസ്ററ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
ഒരു ജനാതിപത്യ ഭരണ സംവിദാനത്തില്‍, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവര്‍ക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു.
ഇന്നത്തെ പല ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ധാര്‍ഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകള്‍ ഒരിക്കലും ഉമ്മന്‍ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവര്‍ത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോണി ചാക്കോ പറഞ്ഞു.
ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിര്‍ത്തുകയും വിമര്‍ശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച ഉമ്മന്‍ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകമാണെന്ന് ആമുഖ പ്രസംഗത്തില്‍ റോമി കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേള്‍ക്കാനും ചേര്‍ത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോര്‍ത്ത് വെസ്ററ് റീജിയന്‍ സെക്രട്ടറി പുഷ്പരാജ് പറഞ്ഞു.
മാഞ്ചസ്റററിലെ ഒഐസിസി / കോണ്‍ഗ്രസ് നേതാക്കന്മാരായ ഷാജി ഐപ്പ്, ബേബി ലൂക്കോസ്, ജിതിന്‍ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഗാനാര്‍ച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.